തിരുവനന്തപുരം: മൂന്ന് പ്രതിപക്ഷ എം.എല്‍.എമാര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതി. ബാബു എം പാലിശേരി, എ. പ്രദീപ് കുമാര്‍, ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരേയാണ് ഭരണപക്ഷം പരാതി നല്‍കിയിരിക്കുന്നത്.

നിയമസഭയിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് സ്പീക്കറിന് നല്‍കിയിരിക്കുന്ന പരാതിയില്‍ ഭരണപക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്.

രാവിലെ ചോദ്യോത്തര വേളയില്‍ ആര്‍. രാജേഷ് എം.എല്‍.എക്കെതിരെയുണ്ടായ പോലീസ് നടപടിയെക്കുറിച്ച് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള വാദപ്രതിവാദത്തിനൊടുവിലായിരുന്നു സംഭവം.

രാജേഷിന് പോലീസ് മര്‍ദനമേറ്റിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പരാമര്‍ശമുണ്ടായപ്പോഴാണ് പ്രതിപക്ഷ എം.എല്‍.എമാര്‍ രാജേഷിനെയും കൂട്ടി മുഖ്യമന്ത്രിയുടെ അടുത്തേക്ക് നീങ്ങിയത്. ഇതിനിടെയാണ് ഇരു പക്ഷത്തെയും അംഗങ്ങള്‍ ഏറ്റുമുട്ടിയത്.