പാലക്കാട്: വി.ടി.ബല്‍റാം എം.എല്‍.എയ്‌ക്കെതിരെ പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തുകളി നടന്നെന്ന് വെളിപ്പെടുത്തിയ വി.ടി.ബല്‍റാമിനെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ബി.ജെ.പി ജില്ലാ സെക്രട്ടറി പി.രാജീവാണ് പരാതി നല്‍കിയത്.

ടി.പി വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസ് കൈകാര്യം ചെയ്തതില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചായിരുന്നു വി.ടി ബല്‍റാം എം.എല്‍.എ കഴിഞ്ഞ ദിവസം രംഗത്തെത്തിത്.

ടി.പി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പുറകിലെ ഗൂഢാലോചനക്കേസ് ഇടക്കുവെച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി സോളാര്‍ കേസിനെ കണ്ടാല്‍ മതിയെന്നായിരുന്നു ബല്‍റാം പറഞ്ഞത്. ഇനിയെങ്കിലും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിച്ച് ഇപ്പോഴത്തെ കാട്ടുകള്ളന്‍ മന്ത്രിമാര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ തയ്യാറാവണമെന്നും ബല്‍റാം ആവശ്യപ്പെട്ടിരുന്നു.


Also Read അദ്വാനി രാഷ്ട്രപതിയാകണമെന്നായിരുന്നു 80 ശതമാനം ബി.ജെ.പി പ്രവര്‍ത്തകരുടെയും ആഗ്രഹമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ


സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുത്ത സാഹചര്യത്തിലായിരുന്നു വി.ടി ബല്‍റാമിന്റെ വിമര്‍ശനം.

കോണ്‍ഗ്രസ് മുക്ത് ഭാരത്’ എന്നത് ദേശീയതലത്തിലെ ആര്‍.എസ്.എസിന്റെ പ്രഖ്യാപിത മുദ്രാവാക്യമാണെങ്കില്‍ ‘കോണ്‍ഗ്രസ് മുക്ത കേരളം’ എന്നതാണ് ഇവിടത്തെ സി.പി.ഐ.എമ്മിന്റെ അപ്രഖ്യാപിത നയം. ആ ഗ്യാപ്പില്‍ ബി.ജെ.പിയെ വിരുന്നൂട്ടി വളര്‍ത്തി സര്‍വ്വമേഖലകളിലും പരാജയപ്പെട്ട സര്‍ക്കാരിനെതിരായ ഭരണവിരുദ്ധവികാരത്തെ വഴിതിരിച്ചുവിടാനാണ് ഇന്ന് കേരളം ഭരിക്കുന്നവര്‍ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് തിരിച്ചടിക്കാന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് കഴിയേണ്ടതുണ്ടെന്നും ബല്‍റാം പറഞ്ഞിരുന്നു.