തിരുവനന്തപുരം: ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വി.എസ് എച്ച്യുതാനന്ദന്‍ നടത്തിയ പരസ്യ പ്രസ്താവന ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിക്ക് സംസ്ഥാന കമ്മിറ്റി കത്തയച്ചതായി റിപ്പോര്‍ട്ട്. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് വി.എസ് അച്ച്യുതാനന്ദന് വേണ്ടി പ്രകടനം നടത്തിയവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തതിനെതിരെ പ്രസ്താവന നടത്തിയതിനും ബര്‍ലിന്‍ കുഞ്ഞനന്ദന്‍നായരുടെ വീട്ടില്‍ സന്ദര്‍ശനം നടത്തുന്നതിന് പാര്‍ട്ടി വിലക്കുണ്ടെന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചതിനുമെതിരെയാണ് റിപ്പോര്‍ട്ട് നല്‍കിയത്.

വി.എസിനെ പി.ബിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഉപാധിയോടെയായിരുന്നു കേന്ദ്ര കമ്മിറ്റിയില്‍ നിലനിര്‍ത്തിയതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പാര്‍ട്ടിക്കെതിരെ പരസ്യപ്രസ്താവന നടത്താതിരിക്കുക, സംസ്ഥാന കമ്മിറ്റിയുടെ തീരുമാനങ്ങള്‍ അനുസരിക്കുക, പാര്‍ട്ടിയുമായി ഏകോപനത്തോടെ ഭരണം നിര്‍വ്വഹിക്കുക എന്നിവയായിരുന്നു ഉപാധികള്‍. എന്നാല്‍ രണ്ട് ഉപാധികള്‍ ലംഘിക്കപ്പെട്ടിരിക്കയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വരുന്ന ആറ്, ഏഴ് തീയ്യതികളില്‍ കൊല്‍ക്കൊത്തയില്‍ ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുമെന്നും പി.ബി അംഗങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.