കോഴിക്കോട്: കുട്ടിത്തമാശകളുമായി ഇന്റര്‍നെറ്റ്, മൊബൈല്‍ ലോകത്തെ അടക്കിവാഴുന്ന ടിന്റുമോനെതിരേ പരാതി. ബ്ലൂടൂത്ത് വഴിയും എസ്.എം.എസ് വഴിയും ദേശീയ ഗാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള തമാശ പ്രചരിച്ചതാണ് ടിന്റുമോന് വിനയായത്.

പ്രിയദര്‍ശിനി യൂത്ത് സെന്റര്‍ കോഴിക്കോട് ജില്ലാ വൈസ് ചെയര്‍മാന്‍ കുന്ദമംഗലം ചൂലാംവയല്‍ തെക്കയില്‍ നൗഷാദാണ് ടിന്റുമോനെതിരെ പരാതിയുമായി രംഗത്തെത്തിയത്. പരാതി ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും കൈമാറിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ദേശീയ ഗാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ടിന്റുമോന്‍ ആലപിച്ചതെന്നു പറഞ്ഞ് പുതിയ ഗാനം പ്രചരിച്ചത്. ഇതില്‍ നടപടി ഉണ്ടായിട്ടില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് നൗഷാദ് പറഞ്ഞു. ഗാനത്തിന്റെ പ്രചാരണം തടയണമെന്നാണ് നൗഷാദിന്റെ പ്രധാന ആവശ്യം.