കൊച്ചി: നടന്‍ അജുവര്‍ഗീസിനെതിരെ ഡിജിപി സെന്‍കുമാറിന് പരാതി. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടിയുടെ പേര് പരാമര്‍ശിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടെന്ന് കാണിച്ചാണ് പരാതി. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പേര് പരാമര്‍ശിച്ചുവെന്നാണ് പരാതി. ഇത് നിയമ വിരുദ്ധമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്.

സംഭവത്തില്‍ നടന്‍ ദിലീപിന് പിന്തുണയുമായി അജു വര്‍ഗ്ഗീസ് രംഗത്തെത്തിയിരുന്നു. നടിയോട് പ്രതി ആരാണോ അവര്‍ ചെയ്തത് ശുദ്ധ പോക്കിരിത്തരമാണ്. പ്രതിയെ കണ്ടു പിടിക്കുക തന്നെ വേണമെന്നും പറഞ്ഞ അജു ദിലീപിനോട് ഇപ്പോള്‍ കാണിക്കുന്നത് നിര്‍ബന്ധിതമായി പ്രതിയാക്കാനുള്ള ശ്രമമാണെന്നും പറഞ്ഞു.


Also Read: ‘മുസ്‌ലീമല്ലേ, ബാഗിലെന്താണ് ബോംബാണോ?’ ബംഗളുവില്‍ നേരിട്ട ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി മലയാളി ജവാന്‍


തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അജു പ്രതികരണം രേഖപ്പെടുത്തിയത്. രണ്ടും രണ്ട് ആണെന്ന് മനസിലാക്കാന്‍ ഉള്ള വിവേകം നൂറ് ശതമാനം സാക്ഷരത അവകാശപ്പെടുന്ന നമ്മുടെ പൊതുസമൂഹം കാണിക്കണമെന്നും അജു ആവശ്യപ്പെട്ടു.

സത്യങ്ങള്‍ ചുരുളഴിയുന്നതു വരെ കുറ്റപ്പെടുത്താതിരുന്നു കൂടെയെന്നും അജു പോസ്റ്റില്‍ കുറിക്കുന്നു.

നേരത്തെ, ദിലീപ് പിന്തുണയുമായി സലീം കുമാറും രംഗത്തെത്തിയിരുന്നു. ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ആ തിരക്കഥയുടെ ആദ്യത്തെ ട്വിസ്റ്റായിരുന്നു ദിലീപിന്റേയും മഞ്ജുവിന്റേയും ഡിവോഴ്‌സ് എന്നുമായിരുന്നു സലീം കുമാറിന്റെ പ്രതികരണം.

കേസിലെ ദുരൂഹത അവസാനിപ്പിക്കാന്‍ എല്ലാവരേയും നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും സലീം കുമാര്‍ പറഞ്ഞിരുന്നു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു സലീം കുമാറിന്റെ പ്രതികരണം.


Don’t Miss: ‘പാവം ചാമ്പ്യന്‍സ് ട്രോഫി കഴിഞ്ഞത് അറിഞ്ഞില്ലെന്ന് തോന്നുന്നു’; വിന്‍ഡീസിനെതിരെ യുവരാജ് കളിക്കാനിറങ്ങിയത് ചാമ്പ്യന്‍സ് ട്രോഫിയിലെ പഴയ ജേഴ്‌സിയണിഞ്ഞ്, വീഡിയോ


അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ തനിക്ക് ഒരു പങ്കുമില്ലെന്നും തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നുണ പരിശോധനയ്ക്കു തയ്യാറാണെന്നും നടന്‍ ദിലീപ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പേരില്‍ തന്നെ തേജോവധം ചെയ്യാനുള്ള ശ്രമമാണ് സോഷ്യല്‍ മീഡിയലൂടെയും ചില മാധ്യമങ്ങളിലൂടെയും നടക്കുന്നത്. പ്രേക്ഷകരെ തന്നില്‍ നിന്നും അകറ്റാനും അതിലൂടെ തന്റെ സിനിമകളെ പരാജയപ്പെടുത്താനും അതുവഴി സിനിമാ രംഗത്തുനിന്നു തന്നെ ഇല്ലായ്മ ചെയ്യാനുമാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്നും ദിലീപ് ആരോപിക്കുന്നു.