ന്യൂദല്‍ഹി : പെട്രോള്‍ വില ലിറ്ററിന് 4 രൂപ  കുറക്കാന്‍ സാധ്യത. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതാണ് പെട്രോളിന് വില കുറയ്ക്കാന്‍ കാരണം. അടുത്ത മാസം ഒന്നിന് ചേരുന്ന യോഗത്തില്‍ എണ്ണക്കമ്പനികള്‍ വില കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

എന്നാല്‍ ഡോളറുമായുള്ള വിനിമയനിരക്ക് താഴുകയാണെങ്കില്‍ പെട്രോളിന്റെ വില കുറയ്ക്കാന്‍ സാധിക്കില്ലെന്നും എണ്ണക്കമ്പനികള്‍ അറിയിച്ചു. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഒരു ഡോളര്‍ കുറയുമ്പോള്‍ പെട്രോളിന് 34 പൈസ കുറയ്ക്കാനാകും. അതേ സമയം ഡോളറുമായുള്ള വിനിമയ നിരക്ക് ഒരു രൂപ താഴേയാല്‍ വില 75 പൈസ മുതല്‍ 80 പൈസവരെയായി വര്‍ധിക്കും .

കഴിഞ്ഞ മെയ് 23 ന് ലിറ്ററിന് 7.54 രൂപ വര്‍ധിച്ച് റെക്കോര്‍ഡ് വിലയില്‍ പെട്രോള്‍ എത്തിയിരുന്നു. പിന്നീട് ക്രൂഡ് ഓയില്‍ വില കുറഞ്ഞിരുന്നെങ്കിലും രൂപയുടെ മൂല്യം ഇടിഞ്ഞതിനാല്‍ എണ്ണക്കമ്പനികള്‍ വില കുറയ്ക്കാതിരിക്കുകയായിരുന്നു.

അതേ സമയം അന്താരാഷ്ട്ര വിപണിയിലെ വില നിലവാരത്തിനനുസരിച്ച് പെട്രോള്‍ വില ദിനം പ്രതി പുതുക്കുന്ന പുതിയ രീതി നടപ്പാക്കുന്നതിനെപറ്റി ആലോചിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിനായി എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

യൂറോപ്പ്, യു.എസ്, ബ്രസീല്‍ എന്നിവിടങ്ങളില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ദിനം പ്രതി പുതുക്കുന്ന രീതിയാണുള്ളത്. ഈ മാതൃകയില്‍ ഇന്ത്യയിലും പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്.