മന്ത്രിയേയും, വകുപ്പ് സ്ഥാനവും തീരുമാനിക്കുന്നതില്‍ സാമുദായിക നേതാക്കള്‍ ഇടപെടേണ്ടതില്ല: പി.പി തങ്കച്ചന്‍
Kerala
മന്ത്രിയേയും, വകുപ്പ് സ്ഥാനവും തീരുമാനിക്കുന്നതില്‍ സാമുദായിക നേതാക്കള്‍ ഇടപെടേണ്ടതില്ല: പി.പി തങ്കച്ചന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th May 2013, 5:43 pm

[]കൊച്ചി: മന്ത്രിയേയും, വകുപ്പ് സ്ഥാനവും തീരുമാനിക്കുന്നതില്‍ സാമുദായിക നേതാക്കള്‍ ഇടപെടേണ്ട കാര്യമില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍.
ഉമ്മന്‍ചാണ്ടി തല്‍സ്ഥാനത്ത് നിന്ന് മാറേണ്ട കാര്യമില്ല. അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കുമെന്നും പി.പി തങ്കച്ചന്‍ വ്യക്തമാക്കി.[]

എന്നാല്‍ രമേശ് ചെന്നിത്തല മന്ത്രി സഭയിലേക്ക് വരേണ്ട സാഹചര്യം നിലവിലില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കാന്‍ അദ്ദേഹം കെ.പി.സി.സി സ്ഥാനത്ത് തന്നെ ഉണ്ടാകുമെന്നും, ചെന്നിത്തല മന്ത്രിയാകുന്നതിലോ ഉപമുഖ്യമന്ത്രിയാകുന്നതിലോ മുഖ്യമന്ത്രിക്ക് യാതൊരു വിധ എതിര്‍പ്പുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ഭരണ തലത്തില്‍ നേതൃസ്ഥാനത്തെ ഇപ്പോള്‍ മാറ്റേണ്ട കാര്യമില്ലെന്നും,  മുഖ്യമന്ത്രി സ്ഥാനം ഐ ഗ്രൂപ്പിന് നല്‍കുന്ന കാര്യത്തില്‍ മുന്‍ധാരണയില്‍ എത്തിയിട്ടില്ലെന്നും പി.പി തങ്കച്ചന്‍ വ്യക്തമാക്കി.

രമേശ് ചെന്നിത്തലയുടെ മന്തിസ്ഥാനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ വഷളാക്കുന്നത് അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുന്നവര്‍ തന്നെയാണെന്ന് കെ.പി.സി.സി വക്താവ് എം.എം ഹസ്സന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ചര്‍ച്ചകള്‍ വഴിമുട്ടിയിട്ടില്ലെന്നും രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരണമെന്ന് തന്നെയാണ് ഇപ്പോഴും തന്റെ ആഗ്രഹമെന്നും ഹസ്സന്‍ പറഞ്ഞു.

അതേസമയം പ്രശ്‌നങ്ങള്‍ വഷളാക്കിയത് ഹസ്സനാണെന്നും മന്ത്രിസ്ഥാനത്തെക്കുറിച്ചും ഉപമുഖ്യമന്ത്രിസ്ഥാനത്തെ കുറിച്ചും ആവശ്യമുന്നയിച്ചത്  ഹസ്സനടക്കമുള്ളവരാണെന്നും അത് പരിഹരിക്കേണ്ടത് അവര്‍ തന്നെയാണെന്നും ഐ. ഗ്രൂപ്പ് നേതാവ് കെ സുധാകരന്‍ നേരത്തെ ആരോപിച്ചിരുന്നു.

കെ.പി.സി.സി അധ്യക്ഷനെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് ഞങ്ങള്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. കെ.പി.സി.സി അധ്യക്ഷന്‍ എന്ന നിലയില്‍ മികച്ച രീതിയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് നേതൃത്വം നല്‍കുന്ന ആളാണ് ചെന്നിത്തലയെന്നും,അദ്ദേഹം ആ സ്ഥാനത്ത് തന്നെ തുടരണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഹസ്സനുള്‍പ്പെടെയുള്ളവര്‍ കാര്യങ്ങള്‍ വഷളാക്കുകയാണെന്നും സുധാകരന്‍ ആരോപിച്ചു.