china1

ബെയ്ജിങ്: ചൈനയെ രക്ഷിക്കാന്‍ സോഷ്യലിസത്തിന് മാത്രമേ കഴിയുകയുള്ളൂവെന്ന പ്രഖ്യാപനവുമായി ചൈന കമ്യൂണിസ്റ്റ് ഭരണത്തിന്റെ 60ാം വാര്‍ഷികം ആഘോഷിച്ചു. 1949 ഒക്‌ടോബര്‍ ഒന്നിനു ചൈനയില്‍ ജനകീയ വിപ്ലവം പ്രഖ്യാപിച്ച് മാവോ സെതുങ് നടത്തിയ പ്രഖ്യാപനത്തെ അനുസ്മരിപ്പിച്ചുകൊണ്ടാണ് ടിയാന്‍മെന്‍ സ്‌ക്വയറിലെ കൂറ്റന്‍ വേദിയില്‍ പ്രസിഡന്റും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ഹു ജിന്റാവോ രാജ്യത്തെ അഭിസംബോധന ചെയ്തത്.

മാവോയെ ഓര്‍മിപ്പിക്കുന്ന ചാരനിറത്തിലുള്ള സ്യൂട്ട് അണിഞ്ഞായിരുന്നു ജിന്റാവോ ചടങ്ങിനെത്തിയത്. ‘എന്റെ സഖാക്കളേ’ എന്നു വിളിച്ചപ്പോഴെല്ലാം ജനം ആവേശത്താല്‍ ഇളകിമറിഞ്ഞു. ലോകത്തെ ഏറ്റവും വലിയ സൈനികശക്തിയായ ‘പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി’യുടെ 10,000ത്തിലധികം ഭടന്മാരും 8,00000 വളന്റിയര്‍മാരും 30,000ത്തോളം വരുന്ന ക്ഷണിക്കപ്പെട്ട കാണികളും പങ്കെടുത്ത വാര്‍ഷികം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തി പ്രകടനം കൂടിയായി.

ആയുധക്കരുത്തും സാമ്പത്തികശേഷിയും ലോകത്തിനു തുറന്നുകാട്ടിയ പരേഡായിരുന്നു നടന്നത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെ ആധുനിക യുദ്ധോപകരണങ്ങള്‍ പരേഡില്‍ പ്രദര്‍ശിപ്പിച്ചു. ബോംബര്‍ വിമാനങ്ങള്‍ തലങ്ങും വിലങ്ങും പറന്നു. കനത്ത സുരക്ഷാവലയത്തില്‍, ലോകത്തെ അമ്പരപ്പിക്കുന്ന അച്ചടക്കവും ആത്മവിശ്വാസവുമാണു ചൈന കാഴ്ചവച്ചത്.

ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയായ ചൈന ഭാവിയില്‍ ‘കിഴക്കിന്റെ തിളക്ക’മായി മാറുമെന്ന് ഹു ജിന്റാവോ പറഞ്ഞു. കഴിഞ്ഞ 60 വര്‍ഷത്തെ ചരിത്രത്തില്‍നിന്ന് വ്യക്തമാകുന്നത്, മാര്‍ക്‌സിസത്തിനും സോഷ്യലിസത്തിനും മാത്രമേ ചൈനയെ രക്ഷിക്കാനാവൂവെന്നാണ്. സോഷ്യലിസ്റ്റ് ചൈന ആധുനികവല്‍ക്കരണത്തിന്റെ പാതയിലാണെന്നും ഭാവികാലവും ലോകവും കിഴക്കിനെ ആശ്രയിക്കേണ്ടിവരുമെന്നും ഹു പറഞ്ഞു.