ഡ്യൂകൗ: പടിഞ്ഞാറന്‍ ഐവറി കോസ്റ്റിലെ ഡ്യൂകൗ നഗരത്തില്‍ വംശീയപ്രശ്‌നങ്ങളെ തുടര്‍ന്ന് 800 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഒരാഴ്ചയ്ക്കിടെ ഇവിടെയുണ്ടായ പ്രാദേശികമായ കലഹങ്ങളെ തുടര്‍ന്നാണ് ഇവര്‍ മരിച്ചതെന്ന് ഇന്റെര്‍നാഷണല്‍ കമ്മിറ്റി ഓഫ് ദ റെഡ്‌ക്രോസ് പറയുന്നു.

പ്രധാന നഗരമായ അബിദ്ജാനില്‍ യു.എന്‍ ഏര്‍പ്പെടുത്തിയ പ്രസിഡന്റ് അലാസൈന്‍ ക്വട്ടാറയും ഔദ്യോഗിക സ്ഥാനം വഹിക്കുന്ന ലോറന്റ് ഗാബോയുടേയും സേനകള്‍ തമ്മില്‍ പോരാട്ടം തുടരുകയാണ്. കഴിഞ്ഞ നവംബറിലെ തിരഞ്ഞെടുപ്പില്‍ വിജയിയായി പ്രഖ്യാപിച്ച ക്വട്ടാറയെ പ്രസിഡന്റൊയി അന്തര്‍ദേശീയ തലത്തില്‍ അംഗീകരിച്ചതാണ്. എന്നാല്‍ ബാഗ്‌ബോ വിജയിയെന്ന് സ്വയം അവകാശപ്പെടുകയും സ്ഥാനം ഒഴിയാന്‍ തയ്യാറാവാതിരിക്കുകയും ചെയ്യുകയായിരുന്നു.

അതേ സമയം ആഭ്യന്തര യുദ്ധം ഭയന്ന് ഇവിടെനിന്നും ലക്ഷക്കണക്കിനാളുകള്‍ നാട് വിട്ട് പോകുന്നതായി യു.എന്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. തലസ്ഥാനത്തും, മറ്റ് പ്രദേശങ്ങളിലും നടക്കുന്ന അക്രമ സംഭവങ്ങളെ തുടര്‍ന്ന് അവിടെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് അവര്‍ക്കുള്ളതെന്ന് യുഎന്‍ ഹൈ കമ്മീഷണര്‍ ഫോര്‍ റഫ്യൂജീസ് പറയുന്നു.

700,000 മുതല്‍ 10ലക്ഷം വരെയാളുകള്‍ വീട് ഉപേക്ഷിച്ചുപോയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അബിദ്ജാന്‍ നഗരത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ നാടുവിട്ടത്.

തദ്ദേശവാസികല്‍ അക്രമാസക്തരാവുന്നതിനെ തുടര്‍ന്ന് ഇവിടെ മാരകായുധങ്ങള്‍ നിരോധിക്കാന്‍ യു.എന്‍ നിര്‍ബന്ധിതരായേക്കും. രക്ഷാ സമിതിയുടെ ചര്‍ച്ചയ്ക്കിടയില്‍ ഐവറികോസ്റ്റിലുണ്ടായ ഭീകരമായ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ഫ്രാന്‍സ്, നൈജീരിയ തുടങ്ങിയ രാജ്യങ്ങള്‍ നിവേദനം നല്‍കിയിരുന്നു. ഐവറികോസ്റ്റിലേക്കുള്ള യാത്ര നിരോധിക്കാനും, ബാഗ്‌ബോയുടെ സ്വത്തുക്കള്‍ മരവിക്കാനും നിവേദനത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.