ഹൈന്ദവ തീവ്രവാദം ലഷ്‌കര്‍ ഇ ത്വയ്ബയെക്കാള്‍ അപകടകരമാണെന്ന് യു.എസ് നയതന്ത്ര പ്രതിനിധി തിമോത്തി ജെ. റോമര്‍ക്ക് രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കിയെന്ന വിക്കിലീക്ക്‌സ് വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഹിന്ദു തീവ്രവാദത്തെ ലഷ്‌കര്‍ ഇ തൊയ്ബപോലുള്ള തീവ്രവാദ സംഘടനകളുമായി താരതമ്യം ചെയ്യാനാവുമോ എന്ന വിഷയത്തിലൂന്നയാണ് മിക്ക ചര്‍ച്ചകളും നടക്കുന്നത്.

എന്നാല്‍ തീവ്രവാദത്തെ ഹൈന്ദവും മുസ്‌ലീം എന്ന തരത്തില്‍ തരംതിരിക്കുന്നതല്ലെ അതിനേക്കാള്‍ കുടൂതല്‍ പ്രാധാന്യമര്‍ഹിക്കുന്ന വിഷയമെന്നു തോന്നുന്നു. കാവി ഭീകരത രാഷ്ട്രീയ സാമുദായിക സംഘര്‍ഷത്തിന് വഴിതെളിയിക്കുമെന്ന രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടതായി പറയുന്നു. അതേ സമയം തന്നെ മുമ്പുനടന്ന ചര്‍ച്ചകള്‍ ഇസ്‌ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ടതായിരുന്നു. തീവ്രവാദം എന്ന പ്രതിഭാസത്തെ ഹിന്ദു-മുസ്‌ലീം എന്നിങ്ങനെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുന്നതല്ലെ സാമുദായിക സംഘര്‍ഷത്തിലേക്ക് നയിക്കുതെന്ന വിഷയം നാം കൂടുതല്‍ പരിശോധിക്കേണ്ടിയിരിക്കുന്നു.

തീവ്രവാദം എന്ന വിഷത്തിനെതിരെയാണ് നമ്മള്‍ പ്രതികരിക്കേണ്ടത്. അല്ലാതെ അതിന് മതത്തിന്റെ ലേബല്‍ നല്‍കി വര്‍ഗീയത വളര്‍ത്താനല്ല. മുസ്‌ലീം തീവ്രവാദം എന്ന വാക്ക് സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ നമുക്കറിയാം. മുസ്‌ലീം പേരുണ്ട് എന്ന കാരണം കൊണ്ടുപോലും പലരെയും തീവ്രവാദിയെന്ന് സംശയിക്കേണ്ടി വന്ന സാഹചര്യവും പലപ്പോഴും ഉണ്ടായിട്ടുണ്ട്.

ഹിന്ദു-മുസ് ലിം തീവ്രവാദികള്‍ തമ്മില്‍ എവിടെയോ വെച്ച് സന്ധിക്കുന്നുണ്ടോയെന്ന അന്വേഷണമാണ് ഇപ്പോള്‍ നടക്കേണ്ടത്.