എഡിറ്റര്‍
എഡിറ്റര്‍
സൈദാബാദില്‍ വര്‍ഗ്ഗീയ സംഘര്‍ഷം; വീടുകള്‍ക്ക് നേരെ ആക്രമണം, കര്‍ഫ്യൂ
എഡിറ്റര്‍
Sunday 8th April 2012 5:19pm

സൈദാബാദ്: ഹൈദരാബാദിലെ സൈദാബാദില്‍ വര്‍ഗ്ഗീയ സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഞായറാഴ്ച രാവിലെ മുതലാണ് സംഘര്‍ഷം തുടങ്ങിയത്. സംഭവത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഹൈദരാബാദ് ജില്ലയിലാണ് സൈദാബാദ്.

സ്ഥലത്തെ ഹനുമാന്‍ മന്ദിര്‍ ക്ഷേത്രത്തില്‍ പോത്തിറച്ചി കൊണ്ടുവന്നിട്ടുവെന്നും പച്ച ചായം പൂശിയെന്നും ആരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ രാവിലെ പ്രകടനം നടത്തിയിരുന്നു. പ്രകടനത്തിനിടെ മുസ്‌ലിം വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഒരു വീടും ബൈക്കും തീയിടുകയും പത്ത് വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടാവുകയും ചെയ്തു.

ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ബി.ജെ.പി നേതാവ് കുര്‍മഗുഡ യാദവാണ് റാലിക്ക് നേതൃത്വം നല്‍കിയത്. തുടര്‍ച്ചയായി ആക്രമണം ഉണ്ടായതിനെ തുടര്‍ന്നാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഒന്നുരണ്ടിടങ്ങളില്‍ കത്തിക്കുത്ത് നടന്നതായും റിപ്പോര്‍ട്ടുണ്ട്.

19 ബസ്സുകള്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശത്തേക്ക് ആര്‍.ടി.സി ബസ് സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കയാണ്. പോലീസിന് മുന്നില്‍ വെച്ച് തന്റെ വീട് അക്രമികള്‍ പെട്രോള്‍ ബോംബും മറ്റും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് മുഹമ്മദ് തഹ്‌സീം പറയുന്നു. പോലീസിനോട് സഹായം തേടിയപ്പോള്‍ വീട്ടിനുള്ളില്‍ പോയിക്കൊള്ളാനും അല്ലെങ്കില്‍ അക്രമം നേരിടാനുമാണ് അവര്‍ പറഞ്ഞതെന്നും തഹ്‌സീം പറയുന്നു. സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കയാണ്.

Advertisement