എഡിറ്റര്‍
എഡിറ്റര്‍
കോമണ്‍വെല്‍ത്ത് ഉച്ചകോടി: കൊളംബോയില്‍ നിന്ന് തമിഴ് വംശജരെ പുറത്താക്കുന്നതായി റിപ്പോര്‍ട്ടുകള്‍
എഡിറ്റര്‍
Thursday 14th November 2013 9:00am

sreelankan-tamil

കൊളംബോ: കോമണ്‍വെല്‍ത്ത് ഉച്ചകോടിയ്ക്ക് മുന്നോടിയായി കൊളംബോയില്‍ നിന്ന് തമിഴ് വംശജരെ പുറത്താക്കുന്നതായി ആരോപണം.

പ്രതിഷേധം ഭയന്നാണ് നൂറുകണക്കിന് തമിഴ് വംശജരെ തലസ്ഥാനത്ത് നിന്ന് പുറത്താക്കിയിരിക്കുന്നത്. ബസ് മാര്‍ഗം കൊളംബോയിലെത്തിയ തമിഴ് വംശജരെ മടക്കിയയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

തലസ്ഥാനത്ത് തമിഴ് വംശജരെ തടയുന്നതായ റിപ്പോര്‍ട്ടുകള്‍ ശരിയാണെന്ന് ശ്രീലങ്കന്‍ മാധ്യമവകുപ്പ് മന്ത്രി മഹേലിയ റാമ്പുക്‌വേല പരോക്ഷമായി സമ്മതിച്ചു. തമിഴ് അനുകൂല സംഘടനകള്‍ ഉച്ചകോടി തടസ്സപ്പെടുത്താതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് തമിഴ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനും വിലക്കുണ്ട്. തമിഴ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതിന് ഓസ്‌ട്രേലിയന്‍ സെനറ്റര്‍, ന്യൂസിലന്റ് എം.പി എന്നിവര്‍ക്കെതിരെ ശ്രീലങ്ക നടപടിയെടുത്തിരുന്നു.

അതിനിടെ ബ്രിട്ടനിലെ ചാനല്‍ 4 പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതിനെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി വില്യം ഹേഗ് അപലപിച്ചു. എല്‍.ടി.ടി.ഇ നേതാവായിരുന്ന വേലുപ്പിള്ള പ്രഭാകരന്റെ മകന്‍ ബാലചന്ദ്രനെ പട്ടാളം വെടിവെച്ച് കൊല്ലുന്നതിന്റെയും ടി.വി. അവതാരകയായിരുന്ന ഇസൈപ്രിയയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത്  വിട്ടത് ചാനല്‍ 4 ആയിരുന്നു.

ശ്രീലങ്കയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ വിവാദമായി മാറിയ കോമണ്‍വെല്‍ത്ത് ഉച്ചകോടി നാളെയാണ് ആരംഭിക്കുന്നത്. വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

Advertisement