ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. ഗെയിംസ് സംഘാടകസമിതി സി ഇ ഒ ജര്‍ണയില്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം ആഗസ്റ്റ് 5 നകം കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

അഴിമതിയാരോപണങ്ങള്‍ നേരിടുന്ന ഗെയിംസ് സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിക്ക് കനത്ത തിരിച്ചടിയാണ് പുതിയ തീരുമാനം. അതിനിടെ കല്‍മാഡിയുടെ വിശ്വസ്തരായ രണ്ടുപേരെ സംഘാടക സമിതിയില്‍ നിന്നും പുറത്താക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടി എസ് ദര്‍ബാരി, സഞ്ജയ് മഹേന്ദ്രോ എന്നിവരെ പുറത്താക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതിനിടെ അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതക്കും സ്വകാര്യ നിര്‍മ്മാണ കമ്പനിക്കുമെതിരേയുമാണ് കേസെടുത്തിരിക്കുന്നത്. ഗെയിംസിനായുള്ള സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണത്തില്‍ വന്‍ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ കണ്ടെത്തിയിരുന്നു.