ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിലെ അഴിമതി അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക മിതിയെ നിയമിച്ചു. മുന്‍ സി.എ.ജി. വി.കെ. ഷുങ്ഗ്ലുവാണ് സമിതി തലവന്‍. മൂന്നുമാസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് വ്യവസ്ഥ.

സി.ബി.ഐ., എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി.) കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ (സി.വി.സി.) എന്നീ ഏജന്‍സികള്‍ ഇതിനകം തന്നെ കോമണ്‍വെല്‍ത്ത് അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.

സി.എ.ജി.യുടെ അന്വേഷണം വെള്ളിയാഴ്ച തന്നെ തുടങ്ങിയിട്ടുണ്ട്. നീന്തല്‍ മത്‌സരം നടന്ന എസ്.പി.മുഖര്‍ജി സ്‌റ്റേഡിയത്തിലെ പൊതുമരാമത്ത് ഓഫീസിലേക്ക് സി.എ.ജി. ഉദ്യോഗസ്ഥരെത്തി ചില നിര്‍മാണ പദ്ധതികളുമായി ബന്ധപ്പെട്ട കണക്കുകള്‍ പരിശോധിച്ചു. കരാര്‍, പണം നല്‍കല്‍ തുടങ്ങിയവ സംബന്ധിച്ച കണക്കുകളാണ് പരിശോധിച്ചത്. ഇനിയുള്ള ദിവസങ്ങളില്‍ ഗെയിംസ് നടന്ന മറ്റ് വേദികളിലും ഉദ്യോഗസ്ഥര്‍ നേരിട്ടുപോയി അന്വേഷണം നടത്തുമെന്ന് സി.എ.ജി. വൃത്തങ്ങള്‍ പറഞ്ഞു.

അതേസമയം ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്കും സംഘാടകര്‍ക്കും പ്രധാനമന്ത്രി ഇന്നലെ സംഘടിപ്പിച്ച അത്താഴ വിരുന്നില്‍ സുരേഷ് കല്‍മാഡിയെ ക്ഷണിച്ചില്ല.