Administrator
Administrator
ആര്‍ക്കും കൈയ്യിട്ടുവാരാം ‘കോമണ്‍വെല്‍ത്ത്’
Administrator
Monday 9th August 2010 1:27pm

സുരാജ്

മണിശങ്കര്‍ അയ്യരുടെ നാക്കു ഫലിച്ചു. ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ്‌ വന്‍പരാജയമാകട്ടെ എന്ന അദ്ദേഹത്തിന്റെ ‘ആശംസ’ അക്ഷരംപ്രതി നടക്കുന്നതിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യയുടെ കായികചരിത്രത്തിന് അപമാനം വരുത്തിവെച്ച് കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട പുതിയ അഴിമതിക്കഥകള്‍ ദിനംപ്രതി പുറത്തുവരുന്നു.

ഗെയിംസ് നടത്തിപ്പിനായി യാതൊരു കണക്കുമില്ലാതെ ശതകോടികള്‍ ചിലവഴിച്ചതിന് പ്രതിസ്ഥാനത്തുള്ളത് സുരേഷ് കല്‍മാഡിയും ഗെയിംസ് സംഘാടക സമിതിയുമാണ്. ശുദ്ധികലശമെന്ന നിലയില്‍ സംഘാടകസമിതി ജോയിന്റ് ഡയറക്ടര്‍ ടി എസ് ദര്‍ബാരിയുടള്‍പ്പടെ മൂന്നുപേരെ പുറത്താക്കിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ഗെയിംസിനേറ്റ അഴിമതിയുടെ കളങ്കം മായ്ക്കാന്‍ പര്യാപ്തമല്ല.

2003 ലാണ് ഗെയിംസിന്റെ ആതിഥേയത്വം ഇന്ത്യക്ക് ലഭിച്ചത്. തുടര്‍ന്നുള്ള ആറുവര്‍ഷങ്ങള്‍ കൈയ്യുംകെട്ടി നോക്കിയിരുന്നു അവസാന വര്‍ഷമാണ് സംഘാടക സമിതി ഗെയിംസിനായി ഒരുക്കങ്ങള്‍ തുടങ്ങിയത്. 2000 കോടി രൂപയോളം ഗെയിംസിന്റെ നടത്തിപ്പിനായി ചിലവാകുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ എല്ലാ കണക്കുകളെയും കാറ്റില്‍ പറത്തി തുക 30,000 കോടിയിലെത്തിയിരിക്കുന്നു. എന്നിട്ടും ഒരുക്കങ്ങള്‍ അവസാനിച്ചിട്ടില്ല, ഒന്നും എവിടെയുമെത്തിയുമില്ല. ഗെയിംസിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ അഴിമതിയുടെ നാറിയ കഥകളാണ് പുറത്തുവരുന്നത്.

ഗെയിംസിന്റെ ഭാഗമായുള്ള 16 പദ്ധതികളില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ കണ്ടെത്തലോടെയാണ് പ്രശ്‌നങ്ങള്‍ തലപൊക്കിയത്. ഗെയിംസിനായുള്ള കരാര്‍ നല്‍കല്‍, നിലവാരമില്ലാത്ത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, അംഗീകൃതമല്ലാത്ത ഏജന്‍സികളെ ജോലി ഏല്‍പ്പിക്കല്‍ എന്നീ ക്രമക്കേടുകള്‍ കമ്മീഷന്‍ കണ്ടെത്തി. ഗെയിംസിന്റെ ഭാഗമായി ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലും അഴിമതി നടത്തിയെന്ന് കണ്ടെത്തിയത് കോണ്‍ഗ്രസ് നേതൃത്വത്തിനും തലവേദനയായി. മുന്‍സിപ്പല്‍ കോര്‍പ്പറേഷനെ ന്യായീകരിച്ച് മുഖ്യമന്ത്രി ഷീലാ ദീക്ഷിത് രംഗത്തെത്തി. ഗെയിംസിന അനുവദിച്ച് ഫണ്ടുകളൊന്നും വഴിമാറ്റി ചിലവാക്കിയിട്ടില്ലെന്നാണ് ഷീല ദീക്ഷിതിന്റെ വാദം.

പണിപൂര്‍ത്തിയായ ദല്‍ഹി നെഹ്‌റു സ്റ്റേഡിയത്തിലെ വി ഐ പി പവലിയനു മുകളില്‍ ചോര്‍ച്ചയുണ്ടെന്നും പിന്നീട് കണ്ടെത്തി. ഗെയിംസ് കഴിഞ്ഞാലും കായികരംഗത്ത് മുതല്‍ക്കൂട്ടാകുമെന്നു കരുതിയ സ്റ്റേഡിയം ഗെയിംസിനുതന്നെ പറ്റിയതല്ലെന്ന് ആരോപണമുയര്‍ന്നു. പുതിയ ഒരു സ്റ്റേഡിയമുണ്ടാക്കാന്‍ ആവശ്യമായതിനേക്കാള്‍ കൂടുതല്‍ തുക അറ്റകുറ്റപണികള്‍ക്കായി ചിലവഴിച്ചു.

അഴിമതിയുടെ അന്താരഷ്ട്ര ബന്ധങ്ങള്‍

‘മാധ്യമ സിന്‍ഡിക്കേറ്റുകള്‍’ വിഷയം ഏറ്റെടുത്തതോടെയാണ് അഴിമതിയാരോപണങ്ങള്‍ക്ക് അന്താരാഷ്ട്ര ബന്ധമുണ്ടെന്ന വസ്തുത പുറത്തുവന്നത്. ലണ്ടനിലെ എം എ കാര്‍സ് ആന്‍ഡ് വാന്‍സ്,എം എ ഫിലിംസ് എന്നീ കമ്പനികള്‍ക്ക് കരാര്‍ നല്‍കിയത് യാതൊരു ഔദ്യോഗികരേഖയുമില്ലാതെയാണെന്ന്‌വ്യക്തമായി. രണ്ടുലക്ഷം പൗണ്ട് കരാറിന്റെ ഭാഗമായി കമ്പനിക്ക് നല്‍കുകയും ചെയ്തു. ഗെയിംസിന്റെ ബാറ്റണ്‍റിലേ മുതല്‍ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് എം എ ഫിലിംസ്. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഈ രണ്ടുകമ്പനികള്‍ക്കും ബ്രിട്ടന്‍ 2015 വരെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നതാണ് രസകരമായ വസ്തുത. ഇവര്‍ക്കാണ് അന്വേഷണങ്ങളൊന്നും നടത്താതെ കല്‍മാഡിയും കൂട്ടരും ഇവര്‍ക്ക കരാര്‍ നല്‍കിയത്.

ബ്രിട്ടനിലെ ഇന്ത്യന്‍ എംബസിയെ പഴിചാരി രക്ഷപ്പെടാനായി പിന്നീട് കല്‍മാഡിയുടെ ശ്രമം. കമ്പനികളുടെ പേര് നിര്‍ദ്ദേശിച്ചത് ബ്രിട്ടനിലെ ഇന്ത്യന്‍ എംബസിയാണെന്നും സംഘാടക സമിതി അത് നടപ്പാക്കുകയായിരുന്നെന്നും കല്‍മാഡി വാദിച്ചു. എന്നാല്‍ ഇത്തരം ഒരു കമ്പനിയുടെ പേര് തങ്ങള്‍ നല്‍കിയ ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല എന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പിന്നീട് വ്യക്തമാക്കി. തന്റെ വാദം തെളിയിക്കാനായ എംബസി അയച്ചതെന്നുപറയുന്ന ഇ-മെയിലിന്റെ കോപ്പി കല്‍മാഡി എം കൃഷ്ണക്ക സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതും കെട്ടിച്ചമച്ചതാണെന്ന പരാതി നിലനില്‍ക്കുന്നുണ്ട്.

സംഘാടക സമിതിയിലെ ‘വീരന്‍മാര്‍’

ഗെയിംസിന്റെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ച സംഘാടക സമിതിയില്‍ തന്നെ അഴിമതി വീരന്‍മാരുണ്ടെന്ന വസ്തുതയും വെളിച്ചത്തായി. അഴിമതിയുടെ മുന നീളുന്നത് സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയെന്ന കോണ്‍ഗ്രസ് എം പിയുടെ നേര്‍ക്കാണ്. സംഘാടക സമിതി ജോയിന്റ് ഡയറക്ടര്‍ ദര്‍ബാറി, ഡപ്യൂട്ടി ഡയറക്ടര്‍ സഞ്ജയ് മൊഹീന്ദ്രു എന്നിവര്‍ക്കെതിരേയും ആരോപണമുയര്‍ന്നു. ആരോപണങ്ങള്‍ക്ക് ശക്തികൂടിവന്നപ്പോള്‍ ഗെയിംസ് സംഘാടക സമിതി ജെര്‍ണയില്‍ സിംഗിന്റെ നേതൃത്വത്തില്‍ മൂന്നംഗസമിതിയെ അന്വേഷണത്തിനായി നിയമിച്ചു. കമ്മറ്റിയുടെ കണ്ടെത്തലുകളെതുടര്‍ന്ന് ദര്‍ബാരി, അക്കൗണ്ട്‌സ് ജോയിന്റ് ഡയറക്ടര്‍ എം ജയചന്ദ്രന്‍, ഡപ്യൂട്ടി ഡയറക്ടര്‍ സഞ്ജയ് മൊഹീന്ദ്രു, എന്നിവരെ പുറത്താക്കി കല്‍മാഡി തടിയൂരി.

കസ്റ്റംസ് നിയമം ലംഘിച്ച കേസില്‍ പ്രതിയാണ് ദര്‍ബാറി. 28 ലക്ഷത്തിന്റെ അനധികൃത വജ്രവുമായി കെ ഡി മണി എന്നയാള്‍ ഈയടുത്ത് കൊച്ചി വിമാനത്താവളത്തില്‍ വച്ച് അറസ്റ്റിലായിരുന്നു. ദര്‍ബാറിക്ക് വേണ്ടിയാണ് വജ്രം കടത്തിയതെന്ന് പിന്നീട് ഇയാള്‍ മൊഴി നല്‍കി.

അനധികൃതമായി കരാര്‍ നല്‍കിയതിന്റെ പ്രത്യുപകാരമായി എം എ ഫിലിംസ് സമ്മാനിച്ചതാണ് വജ്രങ്ങളെന്നും ആരോപണമുയര്‍ന്നു. ഇത്തരം ആരോപണങ്ങള്‍ നിഷേധിക്കുന്നുണ്ടെങ്കിലും വ്യക്തമായ തെളിവുകള്‍ സമര്‍പ്പിക്കാന്‍ കല്‍മാഡി അടക്കമുള്ളവര്‍ക്ക കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

കേന്ദ്ര വിജിലന്‍സ് കമ്മീഷനും കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍് ജനറലും അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ധനകാര്യമന്ത്രാലയവും ഗെയിംസ് ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കും. ആവശ്യമെങ്കില്‍ സി ബി ഐ അന്വേഷണത്തിനും തയ്യാറാണെന്ന് കേന്ദ്രമന്ത്രി ജയപാല്‍ റെഢി വ്യക്തമാക്കിയിട്ടുണ്ട്. ഇത്രയേറെ കൊലാഹലങ്ങളുണ്ടായിട്ടും കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗോ, സോണിയാ ഗാന്ധിയോ ഒരക്ഷരംപോലും ഇതേക്കുറിച്ച് ഉരിയാടിയിട്ടില്ല.

കോമണ്‍വെല്‍ത്ത ഗെയിംസുപോലും നടത്താന്‍ അറിയാത്തവര്‍ എന്ന ദുഷ്‌പ്പേര് അഴിമതിയാരോപണങ്ങളോടെ ഇന്ത്യക്ക് ചാര്‍ത്തിക്കിട്ടുമെന്നുറപ്പാണ്. അഴിമതിയുടെ ഭാരവും പേറി എങ്ങിനെയാണ് നമ്മള്‍ ഒളിമ്പിക്‌സ് പോലുള്ള കായികമേളകള്‍ക്ക ഇനി അവകാശവാദമുന്നയിക്കുക?

ഇനിയും വൈകിയിട്ടില്ല, അഴിമതിയെന്ന ചക്കരക്കുടത്തില്‍ കൈയ്യിട്ടവരെയെല്ലാം , അവര്‍ എത്ര വലിയവരായാലും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. അഴിമതിയാരോപണത്തിലൂടെ ഇന്ത്യന്‍ കായിക പാരമ്പര്യത്തിനേറ്റ കളങ്കം മാറാന്‍ അതാണ് ഏക പോംവഴി.

Advertisement