ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കെതിരെയുള്ള സി.എ.ജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. ഗെയിംസ് സംഘാടക സമിതി അധ്യക്ഷനായിരുന്ന സുരേഷ് കല്‍മാഡി, ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, ദേശീയ ജനാധിപത്യ സംഖ്യ സര്‍ക്കാര്‍ എന്നിവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട്.

കായികമന്ത്രിയുടെ എതിര്‍പ്പ് അവഗണിച്ച് സംഘാടക സമിതിയില്‍ സുരേഷ് കല്‍മാഡിയെ നിയമിച്ചതിന് പിന്നില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടായിരുന്നതായി സി.എ.ജി ചൂണ്ടിക്കാട്ടുന്നു.കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷനുമായി 2003 ല്‍ ഒപ്പുവെച്ച കരാറിന് എതിരാണിത്. കല്‍മാഡിയുടെ നിയമനം നേര്‍വഴിയിലൂടെയല്ലെന്ന് കായിക മന്ത്രാലയം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. ഇത് അവഗണിച്ചാണ് ശുപാര്‍ശ നടത്തിയത്.

2003 വാജ്‌പേയ് സര്‍ക്കാറിന്റെ കാലത്താണ് കോമണ്‍വെല്‍ത്ത് ഗെയിംസിന് അനുമതി നല്‍കിയത്. നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് അനുമതി നല്‍കിയത്. സംഘാടക സമിതി രജിസ്്‌റ്റേര്‍ഡ് സര്‍ക്കാര്‍ സാസൈറ്റി ആകണമെന്നും അധ്യക്ഷന്‍ ഉപാധ്യക്ഷന്‍ എന്നിവര്‍ സര്‍ക്കാര്‍ പ്രതിനിധിയും ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റുമാകണമെന്നായിരുന്നു വ്യവസ്ഥ. പക്ഷേ ഇതൊന്നും പാലിക്കാതെയാണ് നിയമനം നടത്തിയത്.

ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന്റെ ഇടപെടല്‍ മൂലം സര്‍ക്കാറിന് 30 കോടി രൂപയുടെ നഷ്ടമുണ്ടായി ഡല്‍ഹി നഗരം കോമണ്‍ വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. ഇതുമായി ബന്ധപ്പെട്ട് വന്‍ ക്രമക്കേട് നടന്നതായി പറയുന്നു.

ഗെയിംസുമായി ബന്ധപ്പെട്ട എല്ലാ ഏജന്‍സികളിലും ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. 2003 മുതല്‍ 2010 വരെയുള്ള പ്രവര്‍ത്തനങ്ങളാണ് സി.ഐ.ജി പരിശോധിച്ചത്. 744 പേജുള്ള റിപ്പോര്‍ട്ടാണ് സി.എ.ജി പാര്‍ലമെന്റില്‍ സമര്‍പ്പിച്ചത്.