ലണ്ടന്‍: കഴിഞ്ഞ ഒരാഴ്ചയായി ബ്രിട്ടനില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന കലാപനാടകത്തിന്റെ ചുരുളുകളഴിയുന്നു. പോലീസ് നടത്തിയ ഏറ്റുമുട്ടല്‍ നാടകമാണ് കലാപത്തിന് കാരണമായത് എന്നാണ് പ്രാഥമികാന്വേഷകരുടെ നിഗമനം. കഴിഞ്ഞ വ്യാഴാഴ്ച ലണ്ടനിലെ ടോട്ടന്‍ഹാമില്‍വെച്ചാണ് കറുത്ത വര്‍ഗ്ഗക്കാരനായ മാര്‍ക്ക് ഡഗ്ഗന്‍ എന്ന 29 കാരന്‍ പോലീസിന്റെ വെടിയേറ്റു മരിച്ചത്. കറുത്തവര്‍ഗ്ഗക്കാര്‍ക്കിടയില്‍ തോക്കുപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ പെരുകുന്നതിന്റെ പശ്ചാത്തലത്തില്‍ പരിശോധനയ്‌ക്കെത്തിയ മെട്രോ പൊളിറ്റന്‍ പോലീസ് സര്‍വീസിലെ(എം.പി.എസ്) അംഗങ്ങളുടെ നേര്‍ക്ക് ഡഗ്ഗന്‍ വെടിയുതിര്‍ത്തതാണ് പോലീസ് വെടിവെയ്പില്‍ കലാശിച്ചതെന്നായിരുന്നു പോലീസിന്റെ അവകാശവാദം. ഈ വെടിവെയ്പിലാണ് ഡഗ്ഗന്‍ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ കൈത്തോക്കാണ് ഏറ്റുമുട്ടലിന് തെളിവായി ചൂണ്ടിക്കാട്ടിയിരുന്നത്. എം.പി.എസ് അംഗത്തിന്റെ റേഡിയോ സെറ്റില്‍ തറച്ച ബുള്ളറ്റും ഏറ്റുമുട്ടലിന് തെളിവായി ഉയര്‍ത്തിക്കാട്ടി.

എന്നാല്‍ പോലീസിനെതിരായ പരാതികള്‍ അന്വേഷിക്കുന്ന സ്വതന്ത്ര കമ്മീഷന്‍ ഈ തെളിവുകളെല്ലാം തള്ളിക്കളയുകയാണ്. സംഭവസ്ഥലത്ത് ഏറ്റുമുട്ടല്‍ നടന്നതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു എന്നു പറയുന്ന കൈത്തോക്ക് അവിടെവെച്ച് ഉപയോഗിച്ചതിന് തെളിവില്ലെന്നുമാത്രമല്ല, റേഡിയോ സെറ്റില്‍ തറച്ച ബുള്ളറ്റ് പോലീസ് ഉപയോഗിക്കുന്ന വിഭാഗത്തില്‍പെടുന്നതാണെന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഉപയോഗിക്കുന്നവര്‍തന്നെ തിരകള്‍ നിറക്കേണ്ട വിധത്തിലുള്ളതാണ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത കൈത്തോക്ക്. ഇത് ഇംഗ്ലണ്ടില്‍ നിരോധിക്കപ്പെട്ടതാണെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു. കണ്ടെടുത്തിട്ടുള്ള തിരകള്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലഭിച്ച കൈത്തോക്കില്‍നിന്നും വെടിയുതിര്‍ത്തിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്.

ആക്രമണത്തിന്റെ ഉത്തരവാദിയാരാണെന്ന് കണ്ടെത്തണമെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടിനോട് പ്രതികരിക്കവെ ഡഗ്ഗിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. വെടിവെയ്പില്‍ മരണപ്പെട്ട ഡഗ്ഗിന്റെ കുടുംബാംഗങ്ങള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ശനിയാഴ്ച ജനങ്ങള്‍ നടത്തിയ പ്രകടനം കലാപത്തില്‍ കലാശിക്കുകയായിരുന്നു. പ്രതിഷേധപ്രകടനം നടത്തിയവര്‍ ഉന്നയിച്ച സംശയങ്ങള്‍ ശരിവെയ്ക്കുന്നതാണ് കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍. കമ്മീഷന്റെ കണ്ടെത്തലുകളെ സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് സ്വാഗതം ചെയ്തിട്ടുണ്ട്. ബ്രിട്ടനില്‍ നിലനില്‍ക്കുന്ന വംശ വിവേചനത്തിന്റെയും തെളിവാണ് കമ്മീഷന്‍ റിപ്പോര്‍ട്ട്. ഡഗ്ഗന്റെ കുടുംബത്തിന്റെ പൊതുജനങ്ങളുടെയും താല്‍പര്യസംരക്ഷണത്തിന് കമ്മീഷന്റെ അന്വേഷണം സഹായകമാകും. ഡഗ്ഗന്റെ മരണത്തിന് കാരണമായ സംഭവത്തിന്റെ യാഥാര്‍ത്ഥ്യം പൂര്‍ണ്ണമായും പുറത്തുവരണമെന്നും സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.