എഡിറ്റര്‍
എഡിറ്റര്‍
ആയുധ അഴിമതി: ഫാക്ടറി ഉദ്യോഗസ്ഥര്‍ പ്രതികളെന്ന് സുബിമാലിയുടെ മൊഴി
എഡിറ്റര്‍
Wednesday 20th February 2013 10:59am

കൊച്ചി: ആയുധ സാമഗ്രി അഴിമതിക്കേസില്‍ ആവടിയിലെ പ്രതിരോധ ഫാക്ടറി ഉദ്യോഗസ്ഥര്‍ കൂടി പ്രതിപട്ടികയില്‍ ഉള്‍പ്പെടും. ആയുധ സാമഗ്രി അഴിമതി കേസിലെ ഇടനിലക്കാരി സുബിമാലി നല്‍കിയ മൊഴിയാണ് ഈ ഉദ്യോഗസ്ഥരെ കുടുക്കിയത്.

Ads By Google

മജിസ്‌ട്രേറ്റിന് മുമ്പാകെ നല്‍കിയ മൊഴിയിലാണ് ഉദ്യോഗസ്ഥര്‍ ആരൊക്കെയാണെന്ന് സുബി മാലി വെളിപ്പെടുത്തിയത്. മേധക് ഫാക്ടറിയിലെ  ഈ ഉദ്യോഗസ്ഥരെ വ്യാഴാഴ്ച സി.ബി.ഐ ചോദ്യം ചെയ്യും.

ഇവര്‍ നടത്തിയ ക്രമക്കേട് സംബന്ധിച്ചുള്ള രേഖകള്‍ സി.ബി.ഐ ക്ക് ലഭിച്ചതായാണ് വിവരം. സുബിമാലിയെ സി.ബി.ഐ ചോദ്യം ചെയ്തപ്പോഴും തമിഴ്‌നാട്ടിലെ ആവടിയിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹെവി വെഹിക്കിള്‍സ് ഫാക്ടറിയിലെ ഉദ്യോഗസ്ഥരും പ്രതികളാണെന്ന് സി.ബി.ഐ ക്ക് വിവരം ലഭിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ്് ആവടിയിലെ ആയുധ നിര്‍മാണ ഫാക്ടറിയുമായി സുബി മാലി ഇടനിലക്കാരിയായി സ്റ്റീല്‍ ഫോര്‍ജിംഗ് കമ്പനി ലിമിറ്റഡ് കരാറില്‍ ഒപ്പു വെച്ചത്.

കരാറില്‍ ഒന്നരകോടി രൂപയുടെ ക്രമക്കേട് നടത്തിയതായാണ് കണ്ടെത്തിയത്. സുബിമാലി മാപ്പുസാക്ഷിയാകുന്നതോടെ ഈ ഉദ്യോഗസ്ഥരാകും  കേസില്‍ പ്രതികളാകുക. ഇവരുടെ പേര് സുബി മാലി വെളിപ്പെടുത്തിയതായാണ് വിവരം.

കൂടാതെ തന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവു വരുത്തണമെന്നും സുബി ആവശ്യപ്പെട്ടിട്ടുണ്ട്.

്ആയുധ സാമഗ്രി അഴിമതിക്കേസില്‍ കേന്ദ്ര പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സുബി മാലി ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് സി.ബി.ഐ കോടതിയില്‍ ആരോപിച്ചിരുന്നു.

സ്റ്റീല്‍ ഫോര്‍ജിംഗ് ലിമിറ്റഡ് എം.ഡി ഡോ. ഷാനവാസുമായി മുംബൈയിലെ സുബിഷി ഇംപെക്‌സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായ സുബി രഞ്ജിത്ത് മാലിയ്ക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്.

ഇവര്‍ ഇടനിലക്കാരിയായാണ് സ്റ്റീല്‍ ഫോര്‍ജിംഗ് ലിമിറ്റഡ് മേധകിലെ കമ്പനിയുമായി അനധികൃത ഇടപാട് നടത്തിയത്. ഇതു വഴി പ്രതിരോധം രഹസ്യങ്ങള്‍ സുബിമാലി ചോര്‍ത്തിയതായും ആരോപണമുണ്ട്.

സുബിക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ ഉള്ളതിനാല്‍ ആവടിയിലെ ടാങ്ക് നിര്‍മാണ ഫാക്ടറി ഉദ്യോഗസ്ഥരുമായി അടുത്ത സുഹൃദ് ബന്ധം ഉണ്ടായിരുന്നതായും, പ്രസ്തുത ഉദ്യോഗസ്ഥര്‍ വഴി ഔദ്യോഗിക രഹസ്യങ്ങള്‍ സുബി മാലി ചോര്‍ത്തിയിട്ടുണ്ടെന്നും   സിബിഐ വെളിപ്പെടുത്തിയിരുന്നു

ആവടി ഫാക്ടറിയില്‍ കരസേനയ്ക്ക് വേണ്ടിയുള്ള ടാങ്കുകളാണ് നിര്‍മിക്കുന്നത്. ടാങ്കുകള്‍ക്ക് ആവശ്യമായ സ്‌പെയര്‍പാര്‍ട്ടുകള്‍ നല്‍കാന്‍ കരാറില്‍ ഏര്‍പ്പെട്ടത് സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ഫോര്‍ജിങ് ലിമിറ്റഡാണ്.

അഴിമതി ആരോപണം വെളിച്ചത്തുവന്ന ഘട്ടത്തില്‍ സ്ഥാപനത്തിന്റെ എം.ഡി. പദവിയില്‍ നിന്ന് ഡോ. ഷാനവാസിനെ സംസ്ഥാന സര്‍ക്കാര്‍ നീക്കിയിരുന്നു.

തൃശ്ശൂരിലെ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ഫോര്‍ജിങ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ മുന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. ഷാനവാസ്, സീനിയര്‍ മാര്‍ക്കറ്റിങ് മാനേജര്‍ എ. വല്‍സന്‍ എന്നിവരെയും ഈ കേസില്‍ പ്രതികളാക്കിയിട്ടുണ്ട്.

Advertisement