കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയും സംസ്ഥാന നേതൃത്വവും അറിയാതെ നടക്കില്ലെന്ന് ഇടതുപക്ഷ ഏകോപന സമിതി.

സി.പി.ഐ.എം അറിയാതെ ഇത്ര കൃത്യമായ ഒരു കൊലപാതകം നടക്കില്ല. അത് ആസൂത്രണം ചെയ്തതുമുതല്‍ നടപ്പാക്കിയതില്‍ വരെ സംസ്ഥാന നേതൃത്വത്തിന് പങ്കുണ്ട്. വെളിപ്പെടുത്തലുകള്‍ പലതും സി.പി.ഐ.എമ്മിന്റെ മുഖം മൂടി വലിച്ചുകീറുന്നതാണ്.

ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചാണ് സി.പി.ഐ.എം കണ്ണൂര്‍ ജില്ലയില്‍ അതിന്റെ അടിത്തറ കെട്ടിപ്പൊക്കിയതെന്നാണ് രജീഷിന്റെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

പാനൂരിലെ ഒരു ഏരിയാ കമ്മറ്റിയംഗമായ കുഞ്ഞനന്തന് ഒഞ്ചിയത്ത് ഒരു കൊലപാതകം നടത്തി പ്രശ്‌നം പരിഹരിക്കേണ്ട കാര്യമില്ല. കൃത്യമായ നിര്‍ദ്ദേശം കുഞ്ഞനന്തന് കൊടുക്കാന്‍ ഉന്നതങ്ങളില്‍ ആളുകളുണ്ടായിരുന്നു.

കുഞ്ഞനന്തന്റെ മുകളിലുള്ള വലിയ ചില അനന്തന്‍മാരുണ്ട്. അവരെ കണ്ടെത്തുകയാണ് ആദ്യം വേണ്ടതെന്നും ഇടതുപക്ഷ ഏകോപന സമിതി നേതാക്കള്‍ കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ളവരെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചുവെന്ന സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ അവകാശവാദത്തെയും അവര്‍ ശക്തമായി എതിര്‍ത്തു.

് ഒറ്റപ്പെട്ടലിന്റെ ജാള്യത മറയ്ക്കാനാണ് സി.പി.ഐ.എം ഇത്തരത്തിലുള്ള പ്രസ്താവനകള്‍ പറഞ്ഞുപരത്തുന്നതെന്നും ഇടതുപക്ഷ ഏകോപന സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.