ന്യൂദല്‍ഹി: അമ്മ എന്ന വാക്കിന്റെ എല്ലാഅര്‍ഥത്തിലുമുള്ള മൂര്‍ത്തിഭാവമായിരുന്നു മദര്‍തെരേസയെന്ന് രാഷ്ട്രപതി പ്രതിഭാപാട്ടീല്‍. അശരണരുടെയും അനാഥരുടെയും അമ്മയായ മദര്‍തെരേസയുടെ ജന്മശതാബ്ദി ആഘോഷവേളയില്‍ മദറിന്റെ ഓര്‍മക്കായി അഞ്ചു രൂപാ നാണയം പുറത്തിറക്കി സംസാരിക്കുകയായിരുന്ന രാഷ്ട്രപതി.

ന്യൂദല്‍ഹില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ധനകാര്യമന്ത്രി പ്രണാബ് മുഖര്‍ജി നാണയവും മദറിനെക്കുറിച്ചുള്ള സോവനിയറും രാഷ്ട്രപതിക്കു നല്‍കി പ്രകാശനം ചെയ്തു. എല്ലാവര്‍ക്കും പ്രതീക്ഷയുടെയും ആശയുടെയും കിരണമായിരുന്നു മദര്‍ തെരേസയെന്നും രാഷ്ടപതി ചടങ്ങില്‍ അനുസമരിച്ചു.

1910 ഓഗസ്റ്റ് 26 ന് മാസിഡോണിയയിലാണ് മദര്‍ തെരേസയുടെ ജനനം. പതിനെട്ടാം വയസ്സില്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയില്‍ എത്തുകയായിരുന്നു. കൊല്‍ക്കത്തയില്‍ മിഷനറീസ് ഓഫ് ചാരിറ്റി ആരംഭിക്കുമ്പോള്‍ അവരുടെ കൈയുണ്ടായിരുന്ന മൂലധനം വെറും അഞ്ചു രൂപയായിരുന്നു. 40 വര്‍ഷം അവര്‍ പാവങ്ങള്‍ക്ക് അത്താണിയായി. നോബല്‍സമ്മാനവും ഭാരത്‌രത്‌നയും നല്‍കി അവരെ ലോകം ആദരിച്ചു. 1997 സെപ്തംബര്‍ അഞ്ചിന് അവര്‍ ഇഹലോകവാസം വെടിഞ്ഞു.