ലണ്ടന്‍: അധികം  താമസിയാതെ ഓടിക്കൊണ്ടിരിക്കുമ്പോള്‍ കാറുകള്‍ സംസാരിക്കരുതെന്ന ട്രാഫിക് മുന്നറിയിപ്പ് ബോര്‍ഡുകള്‍ നിരത്തുകളില്‍ സ്ഥാനം പിടിച്ചേക്കാം. പരസ്പരം സൊറ പറഞ്ഞ് നീങ്ങുന്ന കാറുകള്‍ നിരന്തരം റോഡില്‍ ബ്ലോക്കുകള്‍ സൃഷ്ടിക്കുമ്പോള്‍ ട്രാഫിക് പോലീസ് ഇത്തരം ബോര്‍ഡുകള്‍ ഉയര്‍ത്താതിരുക്കുന്നതെങ്ങിനെ?.

കാറുകള്‍ സംസാരിക്കുകയോ, മൂക്കത്തു വിരല്‍ വക്കേണ്ട, ഇതില്‍ കുറച്ച് സത്യമുണ്ട്, കുറച്ച് കളവും. കാറുകള്‍ക്ക് പരസ്പരം ആശയവിനിമയം സാധ്യമാക്കുന്ന തരത്തിലുള്ള പരീക്ഷണങ്ങള്‍ വിജയകരമായി പുരോഗമിക്കുകയാണ്. ബൊളോഗ്‌ന സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇതിനായി പരീക്ഷണങ്ങള്‍ നടത്തുന്നത്. കാറുകള്‍ക്ക് സംസാരശേഷി നല്‍കുന്നതിന്റെ ആദ്യവട്ട പരീക്ഷണങ്ങള്‍ നടത്തിക്കഴിഞ്ഞു.

എന്നാല്‍ മനുഷ്യരെപ്പോലെ മുഖഭാവങ്ങളോട് കൂടിയുള്ള സംസാരശേഷി കാറുകള്‍ക്ക് സാദ്ധ്യമല്ല. വളരെ ദൂരെ നിന്നേ എന്ത് സംഭവിക്കുമെന്ന് മുന്‍കൂട്ടി മനസിലാക്കാനും അതിനനുസരിച്ച് എതിരെവരുന്ന കാറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കാനും കഴിയുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. കാറിന് മുന്നിലെ തടസങ്ങള്‍ മനസിലാക്കി സ്വയം ബ്രേക്ക് ചെയ്ത് അപകടങ്ങള്‍ ഒഴിവാക്കാന്‍ ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കും.

പ്രത്യേകമായി വികസിപ്പിച്ചെടുത്ത കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറാണ് കാറുകളുടെ ആശയവിനിമയം സാധ്യമാക്കുന്നത്. കംപ്യൂട്ടര്‍ പ്രോഗ്രാമിനൊപ്പം വൈഫൈ സെന്‍സറുകളുടെയും സഹായത്തോടെയാണ് ആശയവിനിമയം സാധ്യമാക്കുക. ഇതിന് ആവശ്യമായ സോഫ്റ്റ്‌വെയര്‍, കാര്‍ ഓടിക്കുന്നയാളുടെ സ്മാര്‍ട്‌ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം.

പുതിയ സാങ്കേതികവിദ്യ വാണിജ്യാടിസ്ഥാനത്തില്‍ ആദ്യമായി പരീക്ഷിക്കാന്‍ പോകുന്നത് ടയോട്ടയാണ്. 2011 ഓഗസ്റ്റില്‍ ടയോട്ട പുതിയ സാങ്കേതികവിദ്യ വാണിജ്യാടിസ്ഥാനത്തില്‍ ആദ്യമായി പരീക്ഷിക്കുമെന്ന് കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്ക് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഗവേഷകര്‍ പറയുന്നു.