എഡിറ്റര്‍
എഡിറ്റര്‍
ധൂമകേതു ധൂമമാകുമോ അതോ സൂര്യനുമായി കൂട്ടിയിടിക്കുമോ എന്ന ആകാംക്ഷയില്‍ ശാസ്ത്രലോകം
എഡിറ്റര്‍
Tuesday 12th November 2013 8:05pm

ison-comet

ഫ്‌ളോറിഡ: ശാസ്ത്രലോകത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ഒരു ധൂമകേതു സൂര്യന് നേരെ പാഞ്ഞുവരുന്നു. ഐസോണ്‍ എന്ന ഈ ധൂമകേതു ഈ മാസം അവസാനത്തോടെ സൂര്യനുമായി കൂട്ടിയിടിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

സൂര്യന്റെ ചൂട് മൂലം ഇത് ബാഷ്പീകരിക്കപ്പെട്ടില്ലെങ്കില്‍ അടുത്ത മാസം നഗ്നനേത്രങ്ങള്‍ കൊണ്ട് ഈ അപൂര്‍വകാഴ്ച കാണാം.

സൂര്യന്റെ ഉപരിതലത്തിന് 621,000 മൈലുകള്‍ മാത്രം അകലത്തില്‍ ഈ ധൂമകേതു കടന്നുപോകുമെന്ന് പ്രതീക്ഷിക്കുന്നു.

ഇതിന്റെ പരിണതഫലത്തെക്കുറിച്ച് ശാസ്ത്രജ്ഞര്‍ക്ക് മുന്‍വിധികളൊന്നുമില്ല. സെക്കന്റില്‍ 377 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഐസോണ്‍ സൂര്യന്റെ സമീപത്തെത്തി പൊട്ടിത്തെറിക്കുമ്പോള്‍  ഊഷ്മാവ് 2760 ഡിഗ്രി സെല്‍ഷ്യസായി ഉയരും. ധൂമകേതുവിലെ മഞ്ഞുകട്ടകള്‍ മാത്രമല്ല പാറയും ലോഹങ്ങളും പോലും ഉരുകിത്തീരാന്‍ ഈ ചൂട് ധാരാളം.

ഒരുപക്ഷേ ഈ ചൂട് കൊണ്ട് ഐസോണ്‍ ഇല്ലാതായില്ലെങ്കില്‍ തന്നെ സൂര്യന്റെ ഗുരുത്വാകര്‍ഷണം ഇതിനെ ചീന്തിയെറിയും. എന്നാല്‍ പുതിയ കണക്കുകൂട്ടലുകള്‍ സൂചിപ്പിക്കുന്നത് സൂര്യന്റെ ആകര്‍ഷണത്തെ പോലും ഐസോണ്‍ മറികടക്കുമെന്നാണ്. ശാസ്ത്രജ്ഞര്‍ പറയുന്നു.

റഷ്യയുടെ ഇന്റര്‍നാഷണല്‍ സയന്റിഫിക് ഒപ്റ്റിക്കല്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ച് രണ്ട് അമച്വര്‍ ജ്യോതിശാസ്ത്രജ്ഞരാണ് ഇതിനെ കണ്ടെത്തിയത്. ഐസോണ്‍ എന്ന് പേരിടാനും കാരണം അതു തന്നെ.

2012 സെപ്റ്റംബറില്‍ ആയിരുന്നു ഇത്.

വ്യാഴത്തിന്റെ ഭ്രമണപഥത്തിനും അപ്പുറത്തുള്ള ഐസോണിന്റെ വിദൂരസ്ഥാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അസാധാരണമായ പ്രകാശമാണ് അന്ന് ഐസോണിനുണ്ടായിരുന്നത്.

ഇത് സൂര്യനെ സമീപിച്ചുകൊണ്ടിരിക്കുകയാണെന്ന് ആദ്യമായി സംശയം ജനിപ്പിച്ചതും ഇതേ പ്രകാശതീക്ഷ്ണത തന്നെയാണ്.

സൂര്യനില്‍ നിന്നുള്ള ചൂട് മൂലം ധൂമകേതുവിലെ മഞ്ഞ് ബാഷ്പീകരിക്കുകയും തിളങ്ങുന്ന പലപ്പോഴും അവ്യക്തമായ വാലിന് കാരണമാകുകയും ചെയ്യുന്നു. എത്രത്തോളം മഞ്ഞാണ് ഇതില്‍ ഉള്ളതെന്നതിനെ ആശ്രയിച്ചാണ് ഇതിന്റെ തിളക്കം. സൂര്യനോട് അടുത്തെത്തുന്നതിന് അനുസരിച്ച് തിളക്കവും വര്‍ദ്ധിക്കും.

ഐസോണ്‍ കണ്ടെത്തിയ ശാസ്ത്രജ്ഞര്‍ ഇതിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. സാധാരണ ബൈനോക്കുലറും ചെറിയ ടെലിസ്‌കോപ്പുകളും ഉപയോഗിച്ചെടുത്ത ചിത്രങ്ങളായിരുന്നു ഇത്.

‘ചെറിയ ബൈനോക്കുലേഴ്‌സ് ഉപയോഗിച്ചാണ് ആദ്യമായി ഐസോണിനെ കണ്ടെത്തിയത്. ആദ്യം വിളറിയ രൂപമായിരുന്നു. എന്നാല്‍ അതിന്റെ തിളക്കം വര്‍ദ്ധിക്കുന്നുണ്ടായിരുന്നു. കൂടാതെ ഓരോ ദിവസവും സ്ഥാനവ്യതിയാനവും സംഭവിക്കുന്നുണ്ടായിരുന്നു.’ ബ്രയാന്‍ വിറ്റാകര്‍ പറയുന്നു.

ഏകദേശം 4.5 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗരയൂഥം ഉണ്ടായ സമയത്തെ അവശിഷ്ടങ്ങള്‍ തണുത്തുറഞ്ഞാണ് ധൂമകേതുക്കള്‍ രൂപപ്പെട്ടത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

നെപ്ട്യൂണിന്റെ ഭ്രമണപഥത്തിനും അപ്പുറത്തുള്ള മഞ്ഞു പോലെയുള്ള ഊര്‍ത് ക്ലൗഡിലെ ധൂമകേതുക്കളുടെ കൂട്ടത്തില്‍ നിന്നാണ് ഐസോണും എത്തിയിരിക്കുന്നതെന്നാണ് നിഗമനം. അപൂര്‍വമായി ഗുരുത്വാകര്‍ഷണം മൂലം ചില ‘വസ്തുക്കള്‍’ ഈ ക്ലൗഡില്‍ നിന്ന് പുറത്തുചാടി സൗരയൂഥത്തിന്റെ ഉള്ളിലേയ്ക്ക് കടക്കാറുണ്ട്.

ഐസോണ്‍ ആദ്യമായാണ് പുറത്തുകടക്കുന്നെന്ന് കമ്പ്യൂട്ടര്‍ മോഡലുകള്‍ സൂചിപ്പിക്കുന്നു.

പ്രഭാതത്തിന് മുമ്പ് കിഴക്കന്‍ ചക്രവാളത്തിലെ വിര്‍ഗോ നക്ഷത്രസമൂഹത്തിലൂടെയാണ് ഐസോണിന്റെ സഞ്ചാരമെന്ന് ശാസ്ത്രജ്ഞനായ ടോണി ഫിലിപ്‌സ് പറയുന്നു.

പ്രവചനങ്ങള്‍ ശരിയാണെങ്കില്‍ അടുത്ത മാസം ആദ്യം മുതല്‍ പ്രഭാതത്തിന് തൊട്ടുമുമ്പ് നഗ്നനേത്രങ്ങള്‍ കൊണ്ട് ഐസോണിനെ ദര്‍ശിക്കാം. ജനുവരി മുതല്‍ രാത്രി മുഴുവനും ഈ ആകാശവിസ്മയം കാണാം.

Advertisement