ബഗോട്ട: കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് കൊളംബിയയില്‍ 29,000ലേറെ ആളുകളെ ഒഴിപ്പിച്ചു. റെഡ് ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍. കൊളംബിയയില്‍ ആകെയുള്ള 34 പ്രവിശ്യകളില്‍ 24 പ്രവിള്യകളും കനത്ത വെള്ളപ്പൊക്കത്തിന്റെ പിടിയിലാണ്. നിര്‍ത്താതെ പെയ്യുന്ന മഴ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരിക്കുകയാണ്.

പ്രധാന നദികളായ മഗ്ദലെനയുടെയും കൗക്കയുടെയും കരകളില്‍ താമസിക്കുന്നവരാണ് വെള്ളപ്പൊക്കത്തിന്റെ കെടുതി ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. തെക്ക് പടിഞ്ഞാറന്‍ നഗരമായ നെയ്‌വയിലെ ജലസംഭരണികളില്‍ നിന്ന് വെള്ളം തുറന്നുവിട്ടതിനാല്‍ നദികളിലെ ജലനിരപ്പ് അപകടകരമായി ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. മഗ്ദലെന നദിയുടെ കരയിലുള്ള ലാ ദൊരാദയില്‍ 4200 ഓളം കുടുംബങ്ങള്‍ വീട് ഉപേക്ഷിച്ച് പലായനം ചെയ്തു . പ്യൂര്‍ട്ടോ ബൊയാക്ക പട്ടണത്തില്‍ നിന്ന് 1,700 പേരെ ഒഴിപ്പിച്ചിട്ടുണ്ട്.