മിഴികള്‍ക്ക് ഭംഗിയില്ലെങ്കില്‍ ഇന്നത്തെ തലമുറയ്ക്കതൊരു പ്രശ്‌നമല്ല. കോണ്‍ടാക്ട് ലെന്‍സില്ലേ, പിന്നെന്തിനാ പേടി. കുറച്ചുപണം കൈയ്യിലുണ്ടെങ്കില്‍ ഏത് മോഡല്‍ കോണ്‍ടാക്‌സ് ലെന്‍സും സ്വന്തമാക്കാം. വസ്ത്രങ്ങള്‍ക്ക് അനുസരിച്ച് അവ മാറ്റാം. ഇവ പോപ്പുലറാക്കിയ ലേഡി ഗാഗയ്ക്കും മെര്‍ലിന്‍ മന്‍ട്രോയ്ക്കും നന്ദി.

അധികം സന്തോഷിക്കാന്‍ വരട്ടെ, ഇത് നിങ്ങളുടെ കണ്ണിന് എന്തൊക്കെ പ്രശ്‌നമുണ്ടാക്കുമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ. ഈ കോസ്‌മെറ്റിക്‌സ് ഗ്ലാസുകള്‍ നിങ്ങളുടെ കണ്ണില്‍ അണുബാധയുണ്ടാക്കുമെന്നും ഇത് അന്ധതയ്ക്കുവരെ കാരണമാകുമെന്നുമാണ് പുതിയ കണ്ടെത്തല്‍. ഡോക്ടരുടെ നിര്‍ദേശമനുസരിച്ചായാല്‍ പോലും ഇത് ഉപയോഗിക്കുന്നത് അപകടമാണെന്നാണ് ബ്രിട്ടീഷ് ട്രേഡിംങ് സ്റ്റാന്റേര്‍ഡ്‌സ് നല്‍കുന്ന മുന്നറിയിപ്പ്.

ഈ ഗ്ലാസുകള്‍ ധരിക്കുന്നതിനു പുറമേ ഇത് കൂട്ടുകാരികള്‍ക്കും മറ്റും ഉപയോഗിക്കാന്‍ നല്‍കുന്നവരുമുണ്ട്. ഇങ്ങനെ ഉപയോഗിക്കുന്നതാണ് കൂടുതല്‍ അപകടമുണ്ടാക്കുക. നിങ്ങളുടെ കണ്ണിന് യോജിക്കാത്ത കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നതും, തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നതും ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കിടയാക്കും. കോര്‍ണിയര്‍ അള്‍സര്‍, അണുബാധ, അന്ധത തുടങ്ങിയ പ്രശ്‌നങ്ങള്‍ ക്ഷണിച്ചുവരുത്തലാവും അത്.