കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാംദിനം കളിനിറുത്തുമ്പോള്‍ ഇന്ത്യ 9 വിക്കറ്റിന് 669 എന്ന നിലയിലാണ്. ഇതോടെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ ലീഡ് 27 ആയി ഉയര്‍ന്നു. കളി നിര്‍ത്തുമ്പോള്‍ 10 റണ്‍സോടെ ഇഷാന്ത് ശര്‍മയും റണ്ണൊന്നുമെടുക്കാതെ പ്രഗ്യാന്‍ ഓജയുമാണ് ക്രീസില്‍.

സച്ചിന്റെ ഇരട്ട സെഞ്ചുറിയും സുരേഷ് റെയ്‌നയുടെ കന്നിസെഞ്ചുറിയുമാണ് നാലാംദിവസത്തെ സവിശേഷത. തന്റെ അഞ്ചാം ഇരട്ടസെഞ്ചുറി കണ്ടെത്തിയ സച്ചിന്‍ (203) ലങ്കയില്‍ ഇന്ത്യക്കാരന്റെ ഉയര്‍ന്ന സ്‌കോറും കണ്ടെത്തി. കന്നിടെസ്റ്റ് കളിക്കാനിറങ്ങിയ റെയ്‌ന 120 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ധോണിയും (76) അഭിമന്യു മിതുനും (41) മികച്ച ബാറ്റിംഗ് കാഴ്ച്ചവെച്ചു. ലങ്കക്കായി മെന്‍ഡിസ് നാല് വിക്കറ്റ് വീഴ്ത്തി.