ബൊഗോട്ട: പ്രശസ്ത കൊളംബിയന്‍ ഗായകനും രചയിതാവുമായ ജോ അറോയോ അന്തരിച്ചു. ബാരന്‍ക്വില്ലയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. രക്തസമ്മര്‍ദ്ദവും ശ്വാസകോശത്തിലെ നീര്‍ക്കെട്ടും കാരണം ഒരു മാസമായി ആശുപത്രിയിലായിരുന്നു 55 കാരനായ ജോ. മരണസമയത്ത് ഭാര്യ ജാക്വിലിന്‍ റാമോണ്‍ അരികിലുണ്ടായിരുന്നു.

ഷക്കീറയുള്‍പ്പടെ നിരവധി ഗായകര്‍ക്കൊപ്പം വേദി പങ്കിട്ടിട്ടുള്ള അല്‍വാറോ ജോസ് അറോയോ എന്ന ജോ അറോയോ 200 ഓളം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. വാദ്യോപകരണങ്ങളുടെ അകമ്പടിയില്ലെങ്കിലും തന്റെ ശബ്ദംകൊണ്ട് സംഗീതപ്രേമികളെ പിടിച്ചിരുത്താന്‍ കഴിവുള്ളയാളായിരുന്നു ജോ എന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ ജൂലിയോ എസ്റ്റ്ട്രാജ പറഞ്ഞു. പല തവണ ഗ്രാമി അവാര്‍ഡിന് ജോയെ പരിഗണിച്ചിരുന്നു.

ജോയുടെ മരണം സംഗീത ലോകത്തിനും കൊളംബിയയ്ക്കും കനത്ത നഷ്ടമാണെന്ന് കൊളംബിയന്‍ പ്രസിഡന്റ് ജ്വാന്‍ മാനുവല്‍ സാന്റോസ് പറഞ്ഞു.

17 ാം നൂറ്റാണ്ടില്‍ കരീബിയന്‍ നഗരത്തില്‍ അടിമത്വത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികളുടെ കഥ പറയുന്ന ലാ റെബലിയന്‍ എന്ന ഗാനത്തിലൂടെയാണ് ജോ ലോകപ്രശസ്തനാകുന്നത്.