Administrator
Administrator
ഗദ്ദാഫിയെ വെടിവച്ചു കൊന്നു
Administrator
Thursday 20th October 2011 5:17pm

Muammar Gaddafi killed

ട്രിപ്പോളി: ലിബിയന്‍ സ്വേച്ഛാധിപതി കേണല്‍ മുഅമ്മര്‍ ഗദ്ദാഫി കൊല്ലപ്പെട്ടു. ദേശീയ പരിവര്‍ത്തന സേനയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഗദ്ദാഫി കൊല്ലപ്പെട്ട കാര്യം സ്ഥിരീകരിച്ചത്. ഗദ്ദാഫിയുടെ മരണം വിമതരുടെ നേതാവും ലിബിയന്‍ ഇടക്കാല പ്രധാനമന്ത്രിയുമായ മെഹ്മൂദ് ജിബ്രിലും സ്ഥിരീകരിച്ചു. സിര്‍ത്തിലെ ബങ്കറില്‍ ഒളിവിലായിരുന്ന ഗദ്ദാഫിയെ പാലായനം ചെയ്യുന്നതിനിടെ ദേശീയ പരിവര്‍ത്തന സേന പിടികൂടി വെടിവെച്ചു കൊല്ലുകയായിരുന്നു.

കാലുകളിലും തലക്കും വെടിയേറ്റ ഗദ്ദാഫി സംഭവസ്ഥലത്ത് വച്ച് തന്നെ മരണമഞ്ഞു. മൃതദേഹം മിസ്‌റദയിലെ അഞ്ജാത കേന്ദ്രത്തിലേക്ക് മാറ്റി. വെടിവെക്കരുത് എന്നാണ് ഗദ്ദാഫി അവസാനമായി പറഞ്ഞതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൊല്ലപ്പെട്ട ഗദ്ദാഫിയുടെ ചിത്രങ്ങള്‍ അല്‍ജസീറ ചാനല്‍ പുറത്ത് വിട്ടിട്ടുണ്ട്. ഗദ്ദാഫിയുടെ മകന്‍ മുര്‍ത്താസിമും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഏറ്റ്മുട്ടലിനിടെ ഗദ്ദാഫി സേനയുടെ തലവന്‍ അബൂബക്കര്‍ യൂനസ് കൊല്ലപ്പെട്ടതായും ഗദ്ദാഫിയുടെ വക്താവ് മൗസ ഇബ്രാഹിമിനെ വിമത സൈന്യം പിടികൂടിയതായും എന്‍.ടി.സി റിപ്പോര്‍ട്ട് ചെയ്തു.

ഓഗസ്റ്റ് 23ന് അധികാരത്തില്‍ നിന്ന് പുറത്താക്കിയതിന് ശേഷം ജന്മദേശമായ സിര്‍ത്തിലെ ബങ്കറില്‍ ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു ഗദ്ദാഫി. നാറ്റോ സേനയുടെ പിന്തുണയോടെ ഇവിടേക്ക് പ്രവേശിച്ച വിമത സേന ഗദ്ദാഫി താമസിച്ച് വന്ന ഭൂഗര്‍ഭ അറ വളഞ്ഞതിന് ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. സിര്‍ത്ത് പൂര്‍ണ്ണമായും നിയന്ത്രണത്തിലായതായി വിമത സേന അവകാശപ്പെട്ടു. സിര്‍ത്തില്‍ നിന്നും പാലായനം ചെയ്യുന്ന ഗദ്ദാഫി സേനയെ നാറ്റോ സേനയും വിമതരും പിന്തുടരുകയാണ്.

ഗദ്ദാഫി പിടിയിലായെന്ന റിപ്പോര്‍ട്ടാണ് ആദ്യം പുറത്തുവന്നത്. പിന്നീട് ഒരു മണിക്കുറിന് ശേഷമാണ് കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത സ്ഥിരീകരിച്ചത്. ലിബിയന്‍ പരിവര്‍ത്തന സമിതിയിലെ മുതിര്‍ന്ന കമാന്‍ഡറാണ് ഗദ്ദാഫിയെ വിമതസേന പിടികൂടിയതായുള്ള ആദ്യ വിവരം പുറത്തുവിട്ടത്. ഒരു കുഴിയില്‍ പരിക്കേറ്റനിലയിലാണ് ഗദ്ദാഫി പിടിയിലായതെന്നായിരുന്നു റിപ്പോര്‍ട്ട്. ഗദ്ദാഫി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ദേശീയ പരിവര്‍ത്തന സേന ആഹ്ലാദ പ്രകടനം നടത്തുകയാണ്.

ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനാണ് അടുത്തിടെ ഇത്തരത്തില്‍ പിടികൂടപ്പെട്ട ഒരു രാജ്യാധിപന്‍. സദ്ദാം ഹുസൈനെ അമേരിക്കന്‍ അധിനിവേശ സൈന്യമാണ് പിടികൂടിയിരുന്നത്. പിന്നീട് സദ്ദാമിനെ അമേരിക്ക തൂക്കിലേറ്റുകയായിരുന്നു.

അമേരിക്കയുടെയും സഖ്യകക്ഷികളുടെയും പിന്തുണയോടെയാണ് ലിബിയയില്‍ ഗദ്ദാഫിക്കെതിരെ പ്രക്ഷോഭം നടന്നത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള ശാക്തിക ചേരിയുടെ ശക്തനായ വിമര്‍ശകനായിരുന്നു ഗദ്ദാഫി. അറബ് രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട മുല്ലപ്പൂ വിപ്ലവം ലിബിയയില്‍ ദേശീയ പരിവര്‍ത്തനയുടെ നേതൃത്വത്തിലാണ് നടന്നത്. എന്നാല്‍ തദ്ദേശവാസികളുടെ പോരാട്ടത്തെ അമേരിക്കയും സഖ്യകക്ഷികളും എല്ലാവിധ പിന്തുണയും നല്‍കുകയായിരുന്നു.

രാജ്യത്ത് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരികയും വിദേശ കുത്തികകളെ പറഞ്ഞയക്കുകയും ചെയ്ത ഗദ്ദാഫി പിന്നീട് അമിത സുഖലോലുപതയില്‍ കഴിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

എട്ടുമാസത്തെ വിമത പ്രക്ഷോഭത്തിനൊടുവിലാണ് ഗദ്ദാഫിയുടെ സമ്പൂര്‍ണ്ണപതനമുണ്ടായത്. ‘ അവസാനം അയാളുടെ തലക്കും അടികിട്ടിയിരിക്കയാണ്’ ദേശീയ പരിവര്‍ത്തന കൗണ്‍സില്‍ നേതാവ് അബ്ദുല്‍ മജീദ് മ്ലെഗ്ത റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഇരു ഗ്രൂപ്പുകളും തമ്മില്‍ ഏറെ നേരെ ഏറ്റുമുട്ടല്‍ നടന്നുവെന്നും ഒടുവില്‍ ഗദ്ദാഫി കൊല്ലപ്പെട്ടുവെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisement