Categories

തോമസ് ചാണ്ടിക്കെതിരായ കളക്ടറുടെ റിപ്പോര്‍ട്ടില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍

തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ കളക്ടറുടെ റിപ്പോര്‍ട്ടില്‍ നടപടി ആവശ്യപ്പെട്ട് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. മുഖ്യമന്ത്രിയെ കണ്ടാണ് മന്ത്രി നടപടി ആവശ്യപ്പെട്ടത്.

ആലുപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ ശക്തമായ നടപടി വേണമെന്നാണ്. ആവശ്യം. തോമസ് ചാണ്ടി ഉള്‍പ്പെട്ട കമ്പനി നിയമലംഘനം നടത്തിയത് സ്ഥിരീകരിച്ചാണ് റിപ്പോര്‍ട്ട്.

മണ്ണിട്ട് നികത്തിയതിലും പാര്‍ക്കിങ് ഗ്രൗണ്ട് തയ്യാറാക്കിയതിലും ഒന്നിലേറെ നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്നും സ്ഥലം ബന്ധുവിന്റെ പേരിലാണെന്ന് ചൂണ്ടിക്കാട്ടി തോമസ് ചാണ്ടിക്ക് രക്ഷപ്പെടാനാവില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. മുഖ്യമന്ത്രിയെ കണ്ട് റവന്യൂമന്ത്രി ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ട്.


Dont Miss സ്മൃതി ഇറാനിക്ക് ബുദ്ധിയില്ലെന്നാണോ അപ്പോള്‍ താങ്കള്‍ പറയുന്നത്; സിനിമക്കാര്‍ മണ്ടന്‍മാരാണെന്ന ബി.ജെ.പി നേതാവിനെ ‘കൊട്ടി ‘നടന്‍ ശേഖര്‍ സുമന്‍


വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും വാട്ടര്‍ വേള്‍ഡ് കമ്പനിക്ക് നോട്ടീസ് അയക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല് മാര്‍ത്താണ്ഡം കായല്‍ കൈയേറ്റം, നീര്‍ച്ചാല്‍ നികത്തല്‍, വലിയകുളം-സീറോ ജെട്ടി റോഡ് റിസോര്‍ട്ടിനായി ഉപയോഗിച്ചത് എന്നീ കാര്യങ്ങളില്‍ കലക്ടറുടെ അന്വേഷണം നിയമവിരുദ്ധവും അനാവശ്യവുമാണെന്നാണ് തോമസ് ചാണ്ടിയുടെ നിലപാട്. ഇക്കാര്യങ്ങള്‍ കോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ടുതന്നെ കലക്ടറുടെ അന്വേഷണം കോടതി നടപടികളോടുള്ള അവഹേളനമാണെന്നു അദ്ദേഹം ആരോപിച്ചിരിക്കുന്നത്.

അതേസമയം സോളാര്‍ വിഷയത്തില്‍ സരിതയുടെ കത്ത് മുഖവിലയ്ക്കെടുത്ത സര്‍ക്കാരിന് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടില്‍ വിശ്വാസമില്ലെന്ന ആരോപണം പ്രതിപക്ഷത്തുനിന്ന് ഉയര്‍ന്നിട്ടുണ്ട്.

ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം, മന്ത്രി തോമസ് ചാണ്ടി ഭൂമി കൈയേറിയെന്നു ബോധ്യപ്പെട്ടാല്‍ നടപടിയെടുക്കുമെന്നു റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നേരത്തെ പറഞ്ഞിരുന്നു. കൈയേറ്റങ്ങള്‍ അനുവദിക്കില്ല. മന്ത്രിയോ എം.എല്‍.എയോ ആരായാലും തെറ്റു ചെയ്താല്‍ നടപടിയുണ്ടാകുമെന്നു ചന്ദ്രശേഖരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ല. കണ്ടു ബോധ്യപ്പെട്ടാലേ അഭിപ്രായം പറയൂ. യഥാര്‍ഥവസ്തുത മനസിലാക്കാതെ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകനെക്കുറിച്ച് എന്തെങ്കിലും പറയുന്നതു ശരിയല്ല. മുന്‍വിധിയോടെ റിപ്പോര്‍ട്ടിനെ സമീപിക്കില്ല. അതു പരിശോധിച്ച് മുഖ്യമന്ത്രിയുമായും ബന്ധപ്പെട്ടവരുമായും ചര്‍ച്ചചെയ്യും എന്നുമായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

Tagged with: