ഭുവനേശ്വര്‍: തട്ടിക്കൊണ്ടുപോയ കലക്ടറുടെ മോചനവുമായി ബന്ധപ്പെട്ട് മധ്യസ്ഥര്‍ മാവോയിസ്റ്റ് നേതാവ് ഗാണ്ടി പ്രസാദുമായി കൂടിക്കാഴ്ച നടത്തി.

ജയിലില്‍ കഴിയുന്ന ഗാണ്ടി പ്രസാദ് ഉള്‍പ്പെടെ നാല് പേരുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് പരിഗണിക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. സിരീഷ് എന്ന പത്മ, ഗോകുല്‍ കുല്‍ദിപിയ, റോസി മന്നാഗി, അന്‍ഡാലുരി ഈശ്വരി എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്.

രണ്ടു ദിവസമായി നടക്കുന്ന ചര്‍ച്ചക്കൊടുവില്‍ മാവോയിസ്റ്റുകളുടെ എട്ട് ഡിമാന്റുകള്‍ ഒറീസ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. പതിനാല് ഡിമാന്റുകളാണ് മാവോയിസ്റ്റുകള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ജയിലിലുള്ള എട്ട് മാവോയിസ്റ്റുകളെ സ്വതന്ത്രരാക്കണമെന്ന അവരുടെ പ്രധാന ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല.

മാവോയിസ്റ്റ് നേതാക്കളില്‍ പ്രധാനിയായ ശ്രീരാമുലു ശ്രീനിവാസിനെ ജാമ്യാപേക്ഷ സമര്‍പ്പിക്കാനായി തിങ്കളാഴ്ച ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് കൊണ്ടുവന്നിരുന്നു. ഇയാളുടെ മോചനമാണ് മാവോയിസ്റ്റുകളുടെ മുന്നോട്ടുവച്ച നിബന്ധനകളില്‍ പ്രധാനം.