കോഴിക്കോട് : പന്നിയങ്കരയില്‍ ഉണ്ടായ അക്രമം ആസൂത്രിതമെന്ന് കളക്ടര്‍. ആക്രമത്തിന് പിന്നില്‍ സാമൂഹ്യ വിരുദ്ധരാണെന്നും കോഴിക്കോട് കളക്ടര്‍ മോഹന്‍കുമാര്‍ ആരോപിച്ചു.

Ads By Google

പ്രശ്‌നപരിഹാരത്തിനായി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് കളക്ടറുടെ പരാമര്‍ശം. യോഗത്തില്‍ കോഴിക്കോട് എസ്.പിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉണ്ടായത്.

എന്നാല്‍ സംഭവത്തില്‍ പോലീസിന് വീഴ്ച്ച പറ്റിയിട്ടില്ലെന്ന് സര്‍വ്വക്ഷിയോഗത്തില്‍ കോഴിക്കോട് എസ്. പി അറിയിച്ചു. സര്‍വ്വകക്ഷിയോഗം തുടരുകയാണ്.

അതേസമയം എസ്.പിയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് സി.പി.ഐ.എം ആവശ്യപ്പെട്ടു.

പന്നിയങ്കര ബൈപ്പാസില്‍ ഹെല്‍മെറ്റ് പരിശോധനക്കിടെ ബൈക്ക് യാത്രക്കാര്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്നാണ് ഇന്നലെ പോലീസും നാട്ടുകാരും ഏറ്റുമുട്ടിയത്. സംഭവത്തില്‍ ഉത്തരവാദികളായ പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

അരക്കിണര്‍ സ്വദേശികളായ രാജേഷ്, മഹേഷ് എന്നിവരാണ് ഹെല്‍മറ്റ് വേട്ടയ്ക്കിടെ മരിച്ചത്. ഹെല്‍മറ്റ് വേട്ടയ്ക്കായി മറഞ്ഞു നിന്ന പോലീസിനെ കണ്ട് ഭയന്ന യുവാക്കള്‍ക്ക് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ അടിയില്‍പ്പെടുകയുമായിരുന്നു.

കെ.എസ്.ആര്‍.ടിസി ബസ്സ് അടിച്ചുതകര്‍ത്ത നാട്ടുകാര്‍ തിരുവണ്ണൂര്‍ ജംഗ്ഷന്‍ ഉപരോധിച്ചതും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 120ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

സംഘര്‍ഷത്തിനിടെ പന്നിയങ്കര പോലീസ് സ്‌റ്റേഷനു നേരെ നിരവധി തവണ കല്ലേറുണ്ടായി. കല്ലേറിനെ തുടര്‍ന്ന് ആറു പോലീസുകാര്‍ക്ക് പരിക്കേറ്റു.

സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റശ്രമമുണ്ടായി. പ്രതിഷേധം അടിച്ചമര്‍ത്താന്‍ പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പന്നിയങ്കര പോലീസ് സ്‌റ്റേഷന്‍ ജനങ്ങള്‍ ഉപരോധിച്ചതിനെ തുടര്‍ന്നായിരുന്നു പോലീസിന്റെ നടപടി.

പത്ത് മണിക്കൂറിലധികം സമയത്തെ ശ്രമഫലമായിട്ടാണ് പോലീസിന് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനായത്.