കൊച്ചി: കയര്‍ബോര്‍ഡിന്റെ പുതിയ ചെയര്‍മാനായി പ്രൊഫ. ജി. ബാലചന്ദ്രന്‍ ചുമതലയേറ്റു. പ്രതിസന്ധി നേരിടുന്ന കയര്‍ മേഖലയില്‍ ആധുനികവത്കരണവും നൂതന വിപണന തന്ത്രങ്ങളും നടപ്പാക്കി പുതിയ ഉണര്‍വ് കൊണ്ടുവരുമെന്ന് ചുമതലയേറ്റതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് ജി. ബാലചന്ദ്രന്‍ പറഞ്ഞു.

ചകിരിയും ചണവും വാഴനാരുമുള്‍പ്പെടെയുള്ള നാരുല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം, വിപണനം തുടങ്ങിയ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ ദേശീയ ഫൈബര്‍ നയം നടപ്പാക്കും. വീട്ടിനകത്തിരുന്ന് കയര്‍ പിരിക്കാന്‍ കഴിയുന്ന യന്ത്രമുള്‍പ്പെടെയുള്ളവയ്ക്ക് പ്രചാരണം നല്‍കി മേഖലയില്‍ ആധുനികീകരണം നടപ്പാക്കും. സംസ്ഥാനത്ത് ഉപയോഗക്ഷമമല്ലാതെ പൂട്ടിക്കിടക്കുന്ന നൂറുകണക്കിന് കയര്‍ ഫാക്ടറികളെ പുനരുജ്ജീവിപ്പിക്കാന്‍ കയര്‍ബോര്‍ഡ് മുന്‍കൈയെടുക്കും-ബാലചന്ദ്രന്‍ പറഞ്ഞു.

കയറ്റുമതിയെ മാത്രം ആശ്രയിച്ച് കയര്‍ മേഖലയ്ക്ക് മുന്നോട്ടു പോകാനാവില്ലെന്നും ആഭ്യന്തരവിപണിയില്‍ പുതിയ സങ്കേതങ്ങള്‍ ഉപയോഗിച്ച് നേട്ടമുണ്ടാക്കണമെന്നും ബാലചന്ദ്രന്‍ പറഞ്ഞു. കയര്‍ വ്യവസായ രംഗത്ത് കേരളത്തിന്റെ കുത്തക നഷ്ടമായ പശ്ചാത്തലത്തില്‍ ഈ മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമം ശക്തമാക്കും. കയര്‍ ഉത്പാദന മേഖലയെ ഉള്‍പ്പെടുത്തി ഒരു ടൂറിസം പദ്ധതിക്ക് രൂപം നല്‍കാനും ആലോചനയുണ്ടെന്നും ബാലചന്ദ്രന്‍ വക്യക്തമാക്കി.

കൂടുതല്‍ മൃദുവായ ചകിരിനാരുകള്‍ ഉപയോഗിച്ചു കിടക്ക നിര്‍മ്മിച്ച് 200-500 രൂപ നിരക്കില്‍ ഇന്ത്യയൊട്ടാകെ വിപണനം ചെയ്യാന്‍ കയര്‍ ബോര്‍ഡിന് പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കയര്‍ മേഖലയായ ആലപ്പുഴയില്‍ നിന്നും കയര്‍ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തിയാണ് ജി ബാലചന്ദ്രന്‍. ആലപ്പുഴ എസ്.ഡി കോളേജില്‍ പ്രൊഫസായിരുന്ന ജി. ബാലചന്ദ്രന്‍ കയര്‍ബോര്‍ഡ് മെമ്പറും വൈസ് ചെയര്‍മാനുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Malayalam News

Kerala News In English