ബംഗളൂരു: 2002 ഡിസംബര്‍ 30ന് കോയമ്പത്തൂര്‍ പ്രസ് ക്ലബ്ബില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്ത കേസില്‍ പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ അനുമതി. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് അന്വേഷിക്കുന്ന പ്രത്യേക കോടതിയാണ് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചത്.

ബാംഗ്‌ളൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ബാംഗളൂരില്‍ ജയിലില്‍ കഴിയുന്ന മഅദനിയെ തിങ്കളാഴ്ച മൂന്ന് മണിക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ച കോയമ്പത്തൂര്‍ കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കോടതിയുടെ വാറണ്ട് പ്രത്യേക അന്വേഷണ സംഘം ബാംഗ്ലൂര്‍ ജയില്‍ അധികൃതര്‍ക്ക് കൈമാറുകയായിരുന്നു.

Subscribe Us:

എന്നാല്‍ മദനിയെ തമിഴ്‌നാട് പോലീസിന് കൈമാറരുതെന്നും നേരിട്ട് ഹാജരാക്കുന്നത് ഒഴിവാക്കണമെന്നും മഅദനിയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പകരം വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വിചാരണയില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു മഅദനിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ഇത് തള്ളിയാണ് വിമാനമാര്‍ഗം കോയമ്പത്തൂരിലെത്തിക്കാന്‍ ബാംഗളൂര്‍ കോടതി അനുമതി നല്‍കിയത്.

കഴിഞ്ഞ ആഴ്ചയാണ് കേസില്‍ മഅദനിയെ പ്രതി ചേര്‍ക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പര കേസില്‍ വിചാരണ തടവുകാരനായി മഅദനി കഴിയുന്ന സമയത്താണ് കോയമ്പത്തൂര്‍ പ്രസ് ക്ലബ്ബില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. മഅദനിയുടെ ഭാര്യ സൂഫിയയെ ജയിലധികൃതര്‍ അപമാനിച്ചതിന്റെ പ്രതിഷേധിച്ചാണ് പ്രസ് ക്ലബ്ബില്‍ സ്‌ഫോടനം നടത്തുന്നതിന് ബോംബുകള്‍ വെച്ചതെന്നാണ് അന്വേഷണ സംഘം പറയുന്നത്. സംഭവത്തില്‍ എറണാകുളം കാക്കനാട് സ്വദേശി ഷബീര്‍, കോഴിക്കോട് തിക്കോടി സ്വദേശി നൗഷാദ് എന്നിവരെ കോയമ്പത്തൂര്‍ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.