Categories

വൈകിട്ട് കാപ്പി കുടിക്കാറുണ്ടോ? എങ്കില്‍ ഉറക്കം പോയത് തന്നെ

coffee

പലര്‍ക്കും വൈകിട്ട് കാപ്പി കുടിക്കുന്ന ശീലം ഉണ്ടാകുമല്ലേ.. അതിന് ശേഷം രാത്രിയില്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ കാപ്പിയാണ് വില്ലനായതെന്ന് ആലോചിക്കാറുണ്ടോ?

എന്നാല്‍ സംഭവം അങ്ങനെയാണ്. വൈകിട്ടത്തെ കാപ്പികുടി നിങ്ങളുടെ ഉറക്കം കളയും. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ആകണമെന്നില്ല. ആറ് മണിക്കൂര്‍ മുമ്പ് കുടിച്ചതാണെങ്കില്‍ പോലും അത് ഉറക്കത്തെ ബാധിക്കും.

അമേരിക്കന്‍ അക്കാദമി ഓഫ് സ്ലീപ് മെഡിസിന്റെ പരീക്ഷണങ്ങളെ തുടര്‍ന്നാണ് ഇക്കാര്യം വെളിപ്പെട്ടത്.

നന്നായി ഉറങ്ങണമെങ്കില്‍ വൈകിട്ട് അഞ്ചു മണിക്ക് ശേഷം കാപ്പി കുടിക്കാന്‍ പാടില്ല. ഉറങ്ങുന്നതിന് മുമ്പുള്ള ആറ് മണിക്കൂറില്‍ ഏകദേശം 400 മില്ലിഗ്രാം കഫീന്‍  അകത്ത് ചെന്നാല്‍ ഒരു മണിക്കൂറിലേറെ ഉറക്കം നഷ്ടപ്പെടും എന്നാണ് ഗവേഷണഫലം.

രണ്ടോ മൂന്നോ കപ്പ് കാപ്പിയില്‍ തന്നെ ഇതിലേറെ കഫീന്‍ അടങ്ങിയിട്ടുണ്ട്. പല തവണയായി ഉറക്കം മുടങ്ങുന്നതിനാല്‍ കാപ്പിയാണ് ഉറക്കം മുടക്കിയെന്ന് തിരിച്ചറിയണമെന്നുമില്ല.

നന്നായി ഉറക്കം ലഭിക്കുന്ന ആരോഗ്യമുള്ള 12 പേരിലാണ് പരീക്ഷണം നടത്തിയത്. ഇവര്‍ക്ക് നാലു ദിവസം മൂന്ന് ഗുളികകള്‍ വീതം പല സമയത്തായി നല്‍കി . ഇതിലൊന്ന് 400 മില്ലിഗ്രാം കഫീന്‍ അടങ്ങിയ ഗുളികയായിരുന്നു. മറ്റു രണ്ടും പൊള്ളയായതും.

ഒന്ന് ഉറങ്ങുന്നതിന് ആറ് മണിക്കൂറിന് മുമ്പ്, ഒന്ന് മൂന്ന് മണിക്കൂര്‍ മുമ്പ്, അടുത്തത് ഉറങ്ങുന്നതിന് തൊട്ടുമുമ്പ് എന്നിങ്ങനെയായിരുന്നു കണക്ക്.

ഒരു ദിവസം മൂന്ന് ഗുളികകളും മരുന്നില്ലാത്തതായിരുന്നു. തുടര്‍ന്ന് ഉറക്കത്തിന്റെ തോത് രേഖപ്പെടുത്തി. തുടര്‍ന്നുള്ള പരീക്ഷണങ്ങളില്‍  നിന്നും ഉറങ്ങുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് കഫീന്‍ കഴിച്ചാലും തൊട്ട് മുമ്പ് കഴിച്ചാലും ഇത് ഉറക്കത്തെ ബാധിക്കുമെന്ന കണ്ടെത്തി.

ഇനി ഓഫീസില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഒരു കപ്പ് കാപ്പി കുടിക്കുമ്പോള്‍ പോലും രണ്ട് വട്ടം ആലോചിക്കണം എന്നാണ് സ്ലീപ് മെഡിസിന്‍ പ്രസിഡന്റ് സഫ്വാന്‍ ബദര്‍ പറയുന്നത്.

Tagged with: