Administrator
Administrator
തേങ്ങയിടാനാളില്ലെങ്കില്‍ സെല്‍വിനെ വിളിക്കാം; വെബ്‌സൈറ്റില്‍ ബുക്കിംഗ് സൗകര്യം
Administrator
Tuesday 10th April 2012 12:27pm

 

തെങ്ങ് കയറ്റതൊഴിലാളികള്‍ക്ക് ക്ഷാമം നേരിടുന്ന കേരളത്തില്‍  അത്യാധുനിക ജോലിയായി തെങ്ങ് കയറ്റത്തെ മാറ്റി ഒരു ചെറുപ്പക്കാരന്‍ വ്യതസ്തനാകുന്നു. കേരകര്‍ഷകരുടെ നാട്ടില്‍ മഷിയിട്ടു നോക്കിയാല്‍ പോലും കിട്ടാനില്ലാത്തവരായി തെങ്ങുകയറ്റതൊഴിലാളികള്‍ മാറിയ സാഹചര്യത്തിലാണ് ചങ്ങനാശ്ശേരി സ്വദേശി സെല്‍വിന്‍ ചാക്കോ ഇതൊരു പ്രൊഫഷനായി ഉയര്‍ത്തിയത്.

ചില്ലറ സംവിധാനങ്ങളൊന്നുമല്ല ഈ ജോലിയുടെ ഭാഗമായി ഈ മുപ്പത്തിയേഴുകാരന്‍ ഒരുക്കിയത്. ഈ മേഖലയിലെ വൈദഗ്ധ്യമുള്ള തൊഴിലാളിയായതിലൂടെ ഐ.ടി പ്രൊഫഷണലുകളെ പോലും വെല്ലുന്ന തിരക്കാണിന്ന് സെല്‍വിന്. ഇതിനായി കാര്‍, മൊബൈല്‍, സെല്‍വിനെ ബുക്ക്  ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് മുമ്പില്‍ വിശദമായ വിവരങ്ങളുള്ള സ്വന്തം വെബ്‌സൈറ്റ് എന്നിങ്ങനെ സൗകര്യങ്ങള്‍ നിരവധി.

തെങ്ങുകയറ്റം മതിപ്പ് കുറഞ്ഞ ജോലിയായി ചെറുപ്പക്കാര്‍ കരുതുന്ന ഈ കാലഘട്ടത്തിലാണ് സെല്‍വിന്‍, ഏതു ജോലിയിലും വൈദഗ്ധ്യം നേടിയെടുക്കുകയും ആത്മാര്‍ത്ഥത മുതല്‍കൂട്ടാവുകയും ചെയ്യുന്നവര്‍ക്ക് ആമേഖലയില്‍ സന്തോഷവും ആദരവും ലഭിക്കുമെന്ന് തെളിയിക്കുന്നത്.

കൂലിപണിക്ക് ഉത്തരേന്ത്യക്കാരെ ഇറക്കുമതി ചെയ്യുന്ന മലയാളിയുടെ പറമ്പില്‍ തെങ്ങ് കയറാനിറങ്ങിയ സെല്‍വനോട് ആദ്യമൊക്കെ നാട്ടുകാര്‍ക്ക് പരിഹാസമായിരുന്നു. എന്നാല്‍ ഇന്ന് സെല്‍വന്റെ അപ്പോയിന്റ്‌മെന്റിന് കാത്തുനില്‍ക്കുകയാണ് നാട്ടുകാര്‍.

പരമ്പരാഗത തൊഴില്‍ മേഖലയെ കൈവിടാന്‍ തയ്യാറല്ലെന്നും ഇതിനായി ഒരു പരിശീലകനായി മാറാനാണ് ഭാവിയില്‍ ലക്ഷ്യമിടുന്നന്നും സെല്‍വിന്‍ പറയുന്നു. ഒരു തെങ്ങിന്‍തോപ്പില്‍ നിന്നും മറ്റൊന്നിലേക്കുള്ള നിലക്കാത്ത യാത്രയില്‍ സമയം ലാഭിക്കാന്‍ സെല്‍വിന് സ്വന്തം കാറുണ്ട്. പ്രതിദിനം 40 മുതല്‍ 45 തെങ്ങുകള്‍ കയറുന്നതിലൂടെ മാസം 30,000 രൂപയില്‍ കുറയാതെ വരുമാനം ലഭിക്കുമെന്ന് സെല്‍വിന്‍ പറയുന്നു.

ആവശ്യക്കാര്‍ക്ക് ഇദ്ദേഹത്തിന്റെ വ്യക്തിഗത വിവരങ്ങളും , ഫോണ്‍നമ്പറും  ചങ്ങാതികൂട്ടം എന്ന പേരിലുള്ള വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും. തെങ്ങുകയറ്റതൊഴിലിലേക്ക് എത്തിപ്പെട്ടതിനു പിന്നില്‍ ഒരു പരാജിതനായ ബിസിനസുകാരന്റെ കഥ പറയാനുണ്ട് സെല്‍വിന്. ജീവിതം പച്ചപിടിപ്പിക്കാന്‍ ഏതൊരു ചെറുപ്പക്കാരനെയും പോലെ നിരവധി സംരംഭങ്ങള്‍ പരീക്ഷിച്ചിട്ടും  എങ്ങുമെത്താതെ തളര്‍ന്ന സാഹചര്യത്തലാണ് സെല്‍വിന്‍ സ്ഥിര വരുമാനം ലഭിക്കുന്ന ജോലിയെക്കുറിച്ച് ചിന്തിച്ചത്.

സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ബസ് കണ്ടക്ടറായി തുടങ്ങി രണ്ട് ബസ്സിന്റെ മുതലാളിയായെങ്കിലും വിധി മറ്റൊന്നായിരുന്നു. ബസ് സര്‍വ്വീസില്‍ അധികം തുടരാനാകാതെ വന്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ സ്ഥിരം വരുമാനമുള്ള തൊഴിലന്വേഷിക്കുകയായിരുന്നു ഈ യുവാവ്. കേര കര്‍ഷകരുടെ നാട്ടില്‍ നിലവിലെ സാഹചര്യത്തില്‍ തെങ്ങ് കയറ്റക്കാര്‍ക്ക് ഡിമാന്റ് വര്‍ധിച്ചതോടെ മറ്റൊന്നും ചിന്തിച്ചില്ല. കുമരകത്ത്് കൃഷിവിജ്ഞാന്‍ കേന്ദ്ര സംഘടിപ്പിച്ച തെങ്ങ് കയറ്റപരിശീലനത്തില്‍ പങ്കെടുക്കാന്‍ തന്നെ മൂന്ന് കുട്ടികളുടെ പിതാവായ സെല്‍വിന്‍ തീരുമാനിച്ചു.

ഈ മേഖലയില്‍ വൈദഗ്ധ്യം നേടിയതും ഏതു ജോലിക്കും അതിന്റേതായ മഹത്വമുണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്ന ഈ യുവാവിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പ്രതിദിനം വിവിധ ജില്ലകളില്‍ നിന്നായി 100 ഓളം കോളുകള്‍ ലഭിക്കുന്നുണ്ട്. സ്വന്തം ജില്ലക്ക് പുറത്ത്് നിന്നെടുക്കുന്ന ഓര്‍ഡറുകള്‍ക്ക്് കൂലിക്ക് പുറമെ പെട്രോള്‍ ചാര്‍ജും ഈടാക്കുന്നതാണ്. തുടക്കത്തില്‍ ഈ ജോലി തിരെഞ്ഞെടുത്തതിന് കുടുംബങ്ങളും കുറഞ്ഞചാര്‍ജ് ഈടാക്കുന്നതിന് പാരമ്പര്യ തൊഴിലാളികളും കുറ്റപ്പെടുത്താറുണ്ടായിരുന്നു. അതൊന്നും വകവെച്ച് കൊടുക്കാന്‍ താന്‍ തയ്യാറായിരുന്നില്ലെന്ന് സെല്‍വിന്‍ പറയുന്നു. ഇനി ഈ തൊഴില്‍ മേഖലയെ സംരക്ഷിക്കുന്നതിനായി പന്ത്രണ്ട് യുവാക്കളെ തെങ്ങ്കയറ്റത്തിനും തേങ്ങപറിക്കാനും പരിശീലിപ്പിക്കുന്ന തിരക്കിലാണ് സെല്‍വിന്‍. തേങ്ങയിടാന്‍ ആളെ കിട്ടിയില്ലെങ്കില്‍ നിങ്ങള്‍ക്കും വിളിക്കാം സെല്‍വിനെ, ഫോണ്‍: 9747945048.

Advertisement