കൊച്ചി: പൊതുഗതാഗതസംവിധാനം ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി കൊച്ചി നഗരസഭ സംഘടിപ്പിച്ച ബസ് ദിനാചരണത്തിന് മികച്ച തുടക്കം. വിവിധയിടങ്ങളില്‍ നിന്ന് പ്രമുഖരായ വ്യക്തികള്‍ ബസില്‍ കയറി കാക്കനാട്ടെത്തുന്ന രീതിയിലായിരുന്നു പരിപാടി ആസുത്രണം ചെയ്തത്. തുടര്‍ന്ന് നടന്ന പൊതു സമ്മേളനം കാക്കനാട്ട് മന്ത്രി ജോസ് തെറ്റയില്‍ ഉദ്ഘാടനം ചെയ്തു.

മന്ത്രി ജോസ് തെറ്റയില്‍ അങ്കമാലിയില്‍ നിന്നും നടന്‍ ദിലീപ് കളമശ്ശേരിയില്‍ നിന്നും ബസ്സില്‍ കയറി. ജില്ലാ കളക്ടര്‍ എം.ബീന സുഭാഷ് പാര്‍ക്കിന് മുന്നില്‍ നിന്നും നടന്‍ സിദ്ധിഖ് പടമുകളില്‍ നിന്നും ബസ്സുകളില്‍ കയറി. കൊച്ചി നഗരത്തില്‍ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലും ബസ് ദിനം ആചരിക്കുകയാണ്.

വ്യാപാരി വ്യവസായികള്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവരും സ്വന്തം വാഹനം ഉപേക്ഷിച്ച് ഇന്ന് പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമാകും. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുക വഴി ഇന്ധനച്ചെലവും, ഗതാഗതക്കുരുക്കും കുറയ്ക്കാനുളള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണ് ബസ് ദിനത്തിലൂടെ സംഘാടകര്‍ ലക്ഷ്യം വെയ്ക്കുന്നത്.

ബസ് മുതലാളിമാര്‍ക്ക് സിനിമാസ്‌റ്റൈല്‍ വിമര്‍ശനം

ബസ് ദിനത്തില്‍ ബസ് മുതലാളിമാര്‍ക്ക് നടന്‍ സിദ്ദിഖിന്റെ ചൂടന്‍ വിമര്‍ശനം. സ്ത്രീകളോടും കുട്ടികളോടും മോശമായി പെരുമാറുന്നതിനെതിരെയാണ് നടന്‍ തുറന്നടിച്ചത്.

വിദ്യാര്‍ത്ഥികളെ ബസുകളില്‍ കയറ്റാതിരിക്കുമ്പോഴും സ്ത്രീകളോടും വൃദ്ധന്‍മാരോടും മോശമായി പെരുമാറുമ്പോഴും നിങ്ങള്‍ എന്തുകൊണ്ട് സ്വന്തം കുട്ടികളെ കുറിച്ചും സഹോദരിമാരെ കുറിച്ചും ചിന്തിക്കുന്നില്ല. നിങ്ങളുടെ കുട്ടികളോട് ഇങ്ങനെ പെരുമാറുമോ സിദിഖ് ചോദിച്ചു.