ന്യൂദല്‍ഹി: കൊച്ചിമെട്രോ പദ്ധതി പൊതുമേഖലാ സംരഭമായി കേരളത്തിന് നടപ്പാക്കാമെന്ന് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ മൊണ്ടേക് സിംഗ് ആലുവാലിയ. എന്നാല്‍ പദ്ധതിയില്‍ കേന്ദ്രത്തിന്റെ ഓഹരി പങ്കാളിത്തം വേണമെന്ന കേരളത്തിന്റെ ആവശ്യത്തോട് കമ്മീഷന്‍ യോജിക്കാനാവില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂദല്‍ഹിയില്‍ നടക്കുന്ന ദേശീയ വികസന്‍ കൗണ്‍സില്‍ (എന്‍ ഡി സി ) യോഗത്തിനുശേഷമാണ് ഇക്കാര്യത്തില്‍ ആലുവാലിയയുടെ പ്രസ്താവന വന്നിരിക്കുന്നത്. പൊതുമേഖലയിലാണ് പദ്ധതി നടപ്പാക്കുന്നതെങ്കില്‍ കേന്ദ്രം സഹായം നല്‍കും. ഇത്തരം വികസനപദ്ധതികള്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. മെട്രോ സംബന്ധിച്ച പദ്ധതികളുമായി ബന്ധപ്പെട്ട് കമ്മീഷന്റെ പൊതുനിലപാടാണിതെന്നും ആലുവാലിയ വ്യക്തമാക്കി.

ഇക്കാര്യത്തില്‍ അന്ത്ിമതീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാറാണ്. പൊതുമേഖലയില്‍ വേണോ സ്വകാര്യപങ്കാളിത്തത്തോടെ വേണോ എന്ന് കേരളത്തിന് തീരുമാനിക്കാം. എന്നാല്‍ ഇത്തരം പദ്ധതികള്‍ക്കായി ചില മാനദണ്ഡങ്ങളുണ്ട്. കൊച്ചിമെട്രോ പദ്ധതി ഇവയെല്ലാം പാലിക്കുന്നുണ്ടോ എന്നും പരിശോധിക്കും. സംസ്ഥാനത്തിന്റെ വികസനപദ്ധതികളോട് കേന്ദ്രം മുഖംതിരിക്കുകയാണെന്ന് മുഖ്യമന്ത്രി വി എസ് അച്ച്യൂതാനന്ദന്‍ അഭിപ്രായപ്പെട്ടിരുന്നു.