Categories

കൊച്ചി മെട്രോ: സര്‍ക്കാറിനും ടോം ജോസിനുമെതിരെ സി.പി.ഐ.എം

e-sreedharanകൊച്ചി: കൊച്ചി മെട്രോ പദ്ധതിയില്‍ നിന്ന് ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ പിന്‍വാങ്ങാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സര്‍ക്കാറിനും കെ.എം.ആര്‍.എല്‍ എം.ഡി ടോം ജോസിനുമെതിരെ സി.പി.ഐ.എം രംഗത്ത്. പദ്ധതി നടത്തിപ്പില്‍ നിന്ന് ദല്‍ഹി മെട്രോയെ ഒഴിവാക്കുന്നതിന് പിന്നില്‍ അഴിമതി നടത്താനുള്ള സര്‍ക്കാറിന്റെയും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെയും ഗൂഢാലോചനയുണ്ടെന്നാണ് സി.പി.ഐ.എം ആരോപണം.

കൊച്ചി മെട്രോ റെയില്‍ പദ്ധതി സ്വന്തം നിലയില്‍ നടപ്പാക്കാന്‍ കഴിയുമെന്ന് കാണിച്ച് ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ തലവന്‍ ഇ.ശ്രീധരന് കൊച്ചി മെട്രോ എം.ഡി ടോം ജോസ് കത്തയച്ചതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് സി.പി.ഐ.എം. ആരോപിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇതില്‍ പ്രത്യേക താല്‍പര്യമുണ്ടെന്നും അവര്‍ ആരോപിക്കുന്നു.

ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ പദ്ധതി ഏറ്റെടുക്കണമെന്ന് പരസ്യമായി ആവശ്യപ്പെടുകയും എന്നാല്‍ ഇതിനെതിരെ രഹസ്യമായി നീക്കം നടത്തുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് പദ്ധതി തങ്ങള്‍ നടപ്പാക്കാമെന്ന് കാണിച്ച് കൊച്ചി മെട്രോയെക്കൊണ്ട് കത്തയപ്പിച്ചത്. പരസ്യമായി ശ്രീധരന് വേണ്ടി വാദിക്കുകയും രഹസ്യമായി എതിരായി നീക്കം നടത്തുകയും ചെയ്യുമ്പോള്‍ മനം മടുത്ത് അദ്ദേഹം പദ്ധതി നടത്തിപ്പില്‍ നിന്ന് പിന്‍മാറുമെന്ന് സര്‍ക്കാറും കൊച്ചി മെട്രോയും കണക്കാക്കുന്നു. പദ്ധതികള്‍ ഏറ്റെടുത്ത് സമയബന്ധിതമായി നടപ്പാക്കുന്നതില്‍ പ്രശസ്തനായ ഇ.ശ്രീധരന്‍ നടത്തിപ്പില്‍ അവിഹിതമായ ഇടപെടലിന് അവസരം നല്‍കുകയുമില്ല. ഇത് മുന്നില്‍ക്കണ്ടാണ് സര്‍ക്കാറും കൊച്ചി മെട്രോയും ദല്‍ഹി മെട്രോ കോര്‍പറേഷനെയും ശ്രീധരനെയും ഒഴിവാക്കാന്‍ ശ്രമിക്കുന്നതെന്നാണ് സി.പി.ഐ.എം ഉയര്‍ത്തുന്ന ആരോപണം.

നേരത്തെ കൊച്ചി മെട്രോ റെയില്‍ പദ്ധതിയ്ക്കായുള്ള ബാങ്ക് അക്കൗണ്ട് കൊല്ലം ആക്‌സിസ് ബാങ്കില്‍ തുടങ്ങിയത് വിവാദമായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ബന്ധു അസിസ്റ്റന്റ് മാനേജരായ ബാങ്കില്‍ കൊച്ചി മെട്രോയുടെ പണം നിക്ഷേപിച്ചതാണ് വിവാദമയത്. രണ്ട് അക്കൗണ്ടുകളാണ് കൊച്ചി മെട്രോയ്ക്ക് വേണ്ടി തുടങ്ങിയിരുന്നത്. ഇതില്‍ ഒന്ന് കൊച്ചിയിലും മറ്റൊന്ന് കൊല്ലത്തുമാണ്. ഇപ്പോള്‍ രണ്ട് കോടി രൂപയായിരുന്നു കൊല്ലത്തെ അക്കൗണ്ടില്‍ നിക്ഷേപിച്ചത്. പദ്ധതിയുടെ ആദ്യ ഘട്ടമായി ചെലവഴിക്കുന്ന 700 കോടി രൂപ ഈ അക്കൗണ്ടില്‍ നിക്ഷേപിക്കാനായിരുന്നു പദ്ധതി.

അക്കൗണ്ട് കാര്യങ്ങള്‍ സംസാരിക്കാന്‍ കൊച്ചി മെട്രോ എംഡി ടോം ജോസിനെ കാണാന്‍ പോയത് ആക്‌സിസ് ബാങ്ക് എം.ഡിയും മുഖ്യമന്ത്രിയുടെ ബന്ധു സച്ചുവായിരുന്നു. മുഖ്യമന്ത്രിയില്‍ സച്ചുവിനുള്ള സ്വാധീനമാണ് അദ്ദേഹത്തെ എക്കൗണ്ട് കാര്യങ്ങള്‍ സംസാരിക്കാന്‍ ചുമതലപ്പെടുത്തിയതിന് പിന്നിലെന്ന ആരോപണമുയര്‍ന്നിരുന്നു.

Malayalam news

Kerala news in English

3 Responses to “കൊച്ചി മെട്രോ: സര്‍ക്കാറിനും ടോം ജോസിനുമെതിരെ സി.പി.ഐ.എം”

  1. KP ANIL

    മെട്രോ ഓടിയാലും എല്ലാ എങ്കിലും അതിന്റെ വീതം മാണിക്കും കുഞ്ഞാലിക്കുട്ടിക്കും കൊടുത്തു ബാക്കി ഉമ്മച്ചന്‍ വീട്ടില്‍ കൊണ്ട് പോകും അങ്ങനെ പണം കൊണ്ട് ഓടുന്നതിനാണ് മെട്രോ ഓട്ടം എന്ന് ഇവര്‍ ഉദേശിക്കുന്നത്

  2. mohaa

    പിറക്കാന്‍ പോകുന്ന കുഞ്ഞിനെ ചൊല്ലി തര്‍ക്കം ,പിന്നീട് കുഞ്ഞ് അമ്മ വയറ്റില്‍ നിന്ന് മരിച്ചു പോയി …. അതോടെ ഇരുവര്‍ക്കും സമാധാനം … കേരളത്തിന്റെ ഒരു അവസ്ഥ .

  3. Benny Joseph

    കൊച്ചി മെട്രോ സ്വകാര്യ മേഖലയിലേ പാടുള്ളൂ എന്ന് പറഞ്ഞു ആലുവാലിയ അഞ്ചു വര്ഷം പദ്ധതി വൈകിച്ചു. കേരളത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ വന്നതോടെ പൊതുമേഖലയില്‍ ആകാം എന്ന് അങ്ങേര് സമ്മതിച്ചു. അപ്പോള്‍ ഇവിടെ ഉമ്മനും കൂട്ടര്‍ക്കും ഡെല്‍ഹിക്കാര്‍ വേണ്ട ജപ്പാന്‍കാര്‍ മതി എന്ന്. ഇനി ഈ ശ്രീധരനെ പ്ലാനിംഗ് ബോഡില്‍ നിന്നും ഇല്ലാതാക്കിയേ അവര്‍ അടങ്ങൂ.
    സി പി എമ്മിന്റെയും കെ വി തോമസിന്റെയും നിലപാട് കൊച്ചിക്ക്‌ ഗുണകരം. ടോം ജോസിന്റെ (ഉമ്മന്റെ) നിലപാട് അഴിമതിക്ക് വേണ്ടി!!!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.