ന്യൂദല്‍ഹി: സ്വകാര്യ പങ്കാളിത്തത്തോടെ മാത്രമേ കൊച്ചി മെട്രോ റെയില്‍ പദ്ധതി നടപ്പാക്കാനാകൂവെന്ന് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ അധ്യക്ഷന്‍ മൊണ്ടേക് സിങ് അളുവാലിയ. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ കൊച്ചി മെട്രോ റെയില്‍ പദ്ധതി നടപ്പാക്കണമെന്ന കേരളത്തിന്റെ നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

കൊച്ചിയിലെ പദ്ധതി ദല്‍ഹി മാതൃകയിലും നടപ്പാക്കാനാവില്ല. ദല്‍ഹിയില്‍ സ്ഥലം സംസ്ഥാന സര്‍ക്കാറിന്റേതായിരുന്നു. എന്നാല്‍ കൊച്ചിയില്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടതുണ്ടെന്നും അലുവാലിയ കൂട്ടിച്ചേര്‍ത്തു.

കൊച്ചി മെട്രോ പദ്ധതിക്ക് ഏകദേശം 3100 കോടി രൂപ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ കൊച്ചി മെട്രോ നടത്തിപ്പില്‍ പങ്കാളിയാകുന്നതിനോട് ധനമന്ത്രാലയം എതിര്‍പ്പ് തുടരുകയാണ്. എന്നാല്‍ പദ്ധതി അനുമതിക്കായുള്ള ശ്രമം തുടരുകയാണെന്ന് നഗരവികസന മന്ത്രി ജയ്പാല്‍ റെഡ്ഡി വ്യക്തമാക്കിയിരുന്നു.

മറ്റ് വന്‍നഗരങ്ങളില്‍ മെട്രോ റെയില്‍ പദ്ധതി നടപ്പാക്കുന്നതിനു മുന്‍പ് കൊച്ചിയില്‍ വേണോ എന്നതാണ് ധനമന്ത്രാലയത്തിന്റെ ചോദ്യം. 40 ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളിലാണ് ഇതുവരെ മെട്രോ നടപ്പാക്കിയിരുന്നത്. കൊച്ചിയില്‍ 18 ലക്ഷം മാത്രമാണ് ജനസംഖ്യ.