Categories

കൊച്ചി ഐ.പി.എല്‍ ടീം സ്വപ്‌നം മാത്രമാകുന്നു

മുംബൈ: കൊച്ചി ഐ.പി.എല്‍ ടീം ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ടീം പ്രൊമോട്ടര്‍മാരായ റോണ്‍ഡിവു കണ്‍സോര്‍ഷ്യവും നിക്ഷേപകരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനാവതെ പോയതോടെയാണ് ടീം ഉപേക്ഷിക്കുന്നത്. ടീം ഉപേക്ഷിക്കുകയാണെന്ന് കാണിച്ച് നിക്ഷേപകര്‍ ബി.സി.സി.ഐക്ക് കത്ത് നല്‍കും. ഇന്ന് രാത്രിയോ നാളെ രാവിലെയോ കത്ത് കൈമാറാനാണ് തീരുമാനം.

ടീമിന്റെ അധ്വാന ഓഹരിയായ 25 ശതമാനം റോണ്‍ഡിവുവിന് നല്‍കാനുള്ള തീരുമാനത്തിനെതിരെ നിക്ഷേപകര്‍ രംഗത്ത് വന്നതാണ് ടീമിന് തിരിച്ചടിയായത്. റോണ്‍ഡിവുവിന് ടീമിന് വേണ്ടി കാര്യമായി ഒന്നും ചെയ്യാനായിട്ടില്ലെന്നും അതിനാല്‍ അധ്വാന ഓഹരി നല്‍കാന്‍ കഴിയില്ലെന്നുമാണ് നിക്ഷേപകര്‍ വാദിച്ചത്. എന്നാല്‍ ഓഹരി വിട്ടുകൊടുക്കാന്‍ റോണ്‍ഡിവു തയ്യാറായില്ല.

പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞ ദിവസം റോണ്‍ഡിവുവും നിക്ഷേപകരും ചര്‍ച്ചക്ക് തീരുമാനിച്ചിരുന്നുവെങ്കിലും റോണ്‍ഡിവു ചര്‍ച്ചയില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. ഇതെ തുടര്‍ന്ന് ഇന്ന് ചേര്‍ന്ന നിക്ഷേപകരുടെ യോഗത്തിലാണ് ടീം ഉപേക്ഷിക്കാന്‍ തീരുമാനമായത്.

എന്നാല്‍ നിക്ഷേപകര്‍ക്ക് മാത്രമായി ടീം ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് റോണ്‍ഡിവു. മറ്റെന്നാള്‍ ചേരുന്ന ഐ.പി.എല്‍ യോഗം ടീമിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ മാസം ചേര്‍ന്ന ഐ.പി.എല്‍ ഭരണ സമിതി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൊച്ചി ടീമിന് ഒരു മാസം സമയം നല്‍കിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.