തിരുവനന്തപുരം: പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനി 216 കോടി രൂപയുടെ പാരിസ്ഥിതിക നഷ്ടമുണ്ടാക്കിയെന്ന് പ്ലാച്ചിമടയിലെ പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച കെ ജയകുമാര്‍ കമ്മിറ്റി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. ജനങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനായി പ്രത്യേക ട്രിബ്ര്യൂണല്‍ രൂപീകരിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നുണ്ട്.

കമ്പനിക്കെതിരെ നിയമനടപടിക്ക് ശുപാര്‍ശ ചെയ്യാത്തത് സമിതിയെ അതിന് ചുമതലപ്പെടുത്താത്തതിനാലാണെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറികൂടിയായ കെ ജയകുമാര്‍ പറഞ്ഞു. ജലചൂഷണം, കൃഷിനാശം, ഗ്രാമീണ മേഖലയിലെ തൊഴിലാളികള്‍ക്ക് നേരിട്ട പ്രശ്‌നങ്ങള്‍, സാമ്പത്തിക നഷ്ടം തുടങ്ങിയവയാണ് സമിതി പരിശോധിച്ചത്. റിപ്പോര്‍ട്ട് പഠിച്ചശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ജലവിഭവമന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. കമ്പനിക്കെതിര നിയമ നടപടി വേണമോയോന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമ വകുപ്പിലെയും, പരിസ്ഥിതി വകുപ്പിലെയും, ആരോഗ്യ-ജല വകുപ്പിലെയും വിദ്ഗദ്ധരെ ഉള്‍പ്പെടുത്തിയാകും 14 അംഗ ട്രൈബ്യൂണല്‍ രൂപീകരിക്കുക.കമ്പനിക്കെതിര നിയമനടപടിക്ക് ശിപാര്‍ശ ചെയ്യാത്തത് സമിതിയെ അതിന് ചുമതലപ്പെടുത്താതുകൊണ്ടാണെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം സമിതി അധ്യക്ഷന്‍ കെ ജയകുമാര്‍ പറഞ്ഞു.