ലണ്ടന്‍: സോഫ്റ്റ് ഡ്രിംഗ്‌സ് നിര്‍മ്മാതാക്കളായ കൊക്കക്കോള ബ്രിട്ടനിലെ ഏറ്റവും വലിയ ബ്രാന്‍ഡായി. 1.1 ബില്യണ്‍ പൗണ്ടിന്റെ വില്‍പ്പനയാണ് കഴിഞ്ഞവര്‍ഷം കമ്പനി നേടിയതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഗ്രോസര്‍ മാഗസിന്‍ നടത്തിയ സര്‍വ്വേയിലാണ് കൊക്കക്കോള ഒന്നാമതെത്തിയത്. 2010ല്‍ കമ്പനിയുടെ വില്‍പ്പനയില്‍ 8.3 ശതമാനത്തിന്റെ വളര്‍ച്ചയാണുണ്ടായത്. കൊക്കക്കോളയുടെ വിവിധ ബ്രാന്‍ഡുകള്‍ വിപണി കീഴടക്കിയതായും ഗ്രോസര്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

കൊക്കക്കോളയുടെ രുചിക്കൂട്ട് പുറത്തായതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിസാമേരിക്കന്‍ലൈഫ്.ഓര്‍ഗ് എന്ന സൈറ്റാണ് കൊക്കക്കോളയുടെ രുചിമന്ത്രം കണ്ടുപിടിച്ചുവെന്ന വാദവുമായി രംഗത്തെത്തിയത്.

കോളയുടെ രുചിക്ക് പിന്നിലെ രഹസ്യം പുറത്തായ വാര്‍ത്ത ഫോട്ടോസഹിതം ഒരു പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോളയുടെ രുചിക്കായി ഏതെല്ലാം വസ്തുക്കള്‍ എത്രത്തോളം അളവില്‍ ചേര്‍ക്കുന്നുണ്ടെന്ന രഹസ്യമാണ് പുറത്തായതെന്ന് സൈറ്റ് വാദിക്കുന്നു.