തിരുവനന്തപുരം: ഹിന്ദുസ്ഥാന്‍ കൊക്കകോള കമ്പനിയുടെ ജലചൂഷണം മൂലം പ്ലാച്ചിമടയില്‍ 200 കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. ഇതേക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ഉന്നതാധികാര സമിതിയാണ് ഇക്കാര്യം കണ്ടെത്തിയത്. ഉന്നതാധികാര സമിതി ഇന്നു സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്ലാച്ചിമടയിലെ ജനങ്ങള്‍ക്ക് നഷ്ട പരിഹാരം നല്‍കണമെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ നിയമ പ്രശ്‌നങ്ങളും ഒരു ട്രൈബ്യൂണലിന്റെ കീഴില്‍ കൊണ്ടു വരണമെന്നും സമിതി ശുപാര്‍ശ ചെയ്യും.

ജലചൂഷണം, കൃഷിക്കുണ്ടായ നാശം, ഗ്രാമീണ മേഖലയില്‍ ചെറുകിട തൊഴിലാളികള്‍ക്കുണ്ടായ നഷ്ടം എന്നിവയെല്ലാം കണക്കിലെടുത്ത് കമ്പനി 200 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സമിതി ആവശ്യപ്പെട്ടതായി അറിയുന്നു.

Subscribe Us:

അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ അധ്യക്ഷനായ 14 അംഗ സമിതിയാണ് പ്ലാച്ചിമടയിലുണ്ടായ ജലചൂഷണം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെക്കുറിച്ചു പഠനം നടത്തിയത്.

വന്‍തോതിലുള്ള ജലചൂഷണം കാരണം പ്രദേശവാസികളായ ആദിവാസി വിഭാഗങ്ങള്‍ക്കുള്ള തൊഴില്‍ നഷ്ടത്തിന് 6.5 കോടി രൂപയും കമ്പനിയില്‍ നിന്ന് ഈടാക്കാന്‍ സമിതി നിര്‍ദേശിച്ചിട്ടുണ്ട്. സമിതിയുടെ തെളിവെടുപ്പുമായി സഹകരിക്കാത്ത കൊക്കകോള കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെങ്കില്‍ നീതിന്യായാധികാരമുള്ള പ്രത്യേക ട്രിബ്യൂണലിനെ സര്‍ക്കാര്‍ നിയമിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യും. ജലവിഭവമന്ത്രി എന്‍ കെ പ്രേമചന്ദ്രനു ഇന്ന് റിപ്പോര്‍ട്ട് കൈമാറും.