എഡിറ്റര്‍
എഡിറ്റര്‍
സോഷ്യല്‍ മീഡിയ രാഷ്ട്രീയക്കാര്‍ ഉപയോഗപ്പെടുത്തുന്നുവെന്ന വാര്‍ത്ത കോണ്‍ഗ്രസ് മെനഞ്ഞത്: ബി.ജെ.പി
എഡിറ്റര്‍
Saturday 30th November 2013 1:52am

prakash-javedkar

ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയകള്‍ രാഷ്ട്രീയക്കാരുടെ പ്രചരണത്തിന് ഉപയോഗിക്കപ്പെടുന്നുവെന്ന കോബ്ര പോസ്റ്റിന്റെ റിപ്പോര്‍ട്ട് കോണ്‍ഗ്രസിന്റെ കുതന്ത്രമാണെന്ന് ബി.ജെ.പി.

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡിക്ക് വേണ്ടി സോഷ്യല്‍ മീഡിയകളില്‍ പ്രചരണം നടക്കുന്നുവെന്ന ആരോപണം രൂക്ഷമായതിനെ തുടര്‍ന്നാണ് ബി.ജെ.പി രംഗത്ത് വന്നിരിക്കുന്നത്.

ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ കുതന്ത്ര വിഭാഗമാണെന്നും അവരുടെ പക്കല്‍ നിന്ന് കൈക്കൂലി പറ്റിയ ഐ.ടി കമ്പനികളാണ് ഇത് ചെയ്തതെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.

മോഡിക്കെതിരെ കോണ്‍ഗ്രസ് നിരന്തരം കുറ്റങ്ങള്‍ ചാര്‍ത്തുകയാണെന്നും മോഡി ഉയര്‍ത്തിക്കാണിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കോണ്‍ഗ്രസിന് ഉത്തരം മുട്ടിയിരിക്കുകയാണെന്നും ബി.ജെ.പി വക്താവ് പ്രകാശ് ജാവേദ്കര്‍ പറഞ്ഞു.

രാജ്യത്തെ കൊള്ളയടിച്ച കാര്യമോ വിലക്കയറ്റം ജനജീവിതത്തെ തകിടം മറിച്ച കാര്യമോ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറാവണം.

ഇത്തരം ആരോപണങ്ങളുടേയെല്ലാം ഉദ്ദേശം മോഡിയെ കരിവാരിത്തേച്ച് കാണിക്കലാണ്. ധൈര്യമുണ്ടെങ്കില്‍ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കട്ടെ. ഞങ്ങള്‍ ഇത്തരം ആരോപണങ്ങളെയെല്ലാം തള്ളുന്നു-  ജാവേദ്കര്‍ പറഞ്ഞു.

ഫേസ്ബുക്ക്,  ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് കോബ്ര പോസ്റ്റിന്റെ അന്വേഷണാത്മക വാര്‍ത്തയില്‍ സൂചിപ്പിച്ചിരുന്നു.

അതേ സമയം താന്‍ മുന്നില്‍ കണ്ടത് സംഭവിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു. സോഷ്യല്‍ മീഡിയകള്‍ ഇത്തരത്തില്‍ വന്‍തോതില്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് താന്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ യോഗത്തില്‍ പറഞ്ഞിരുന്നുവെന്നും ഷിന്‍ഡെ അറിയിച്ചു.

Advertisement