ന്യൂദല്‍ഹി: കല്‍ക്കരി ഖനന ബ്ലോക്കുകള്‍ അനുവദിച്ചതിലെ അഴിമിതി ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെയും ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ ഗഡ്ഗരിയുടെയും വീടുകള്‍ ഘരാവോ ചെയ്യുമെന്ന് അഴിമതി വിരുദ്ധ ഇന്ത്യ( ഇന്ത്യാ എഗൈന്‍സ്റ്റ്‌ കറപ്ഷന്‍) നേതാവ് അരവിന്ദ് കെജ്‌രിവാള്‍.

Ads By Google

കെജ്‌രിവാള്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 1.86 ലക്ഷം കോടി രൂപ കൊള്ളയടിച്ച അഴിമതിയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒരുമിച്ചുനില്‍ക്കുകയാണെന്നും കെജ്‌രിവാള്‍ ആരോപിച്ചു.

ഞായറാഴ്ചയാണ് ഘരാവോ ചെയ്യാന്‍ ഉദ്ദേശിച്ചതെന്നും അന്ന് രാവിലെ 10 മണിക്ക് ജന്തര്‍മന്ദറില്‍ എത്താനും പ്രവര്‍ത്തകരോട് ട്വിറ്ററിലൂടെ കെജ്‌രിവാള്‍ ആഹ്വാനം ചെയ്യുന്നു.

അതേസമയം കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന് കാട്ടി സി.എ.ജി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉണ്ടായ ബഹളം തുടര്‍ച്ചയായ മൂന്നാം ദിവസവും പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തി.

അഴിമതിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിച്ചു. സഭ സമ്മേളിച്ച ഉടന്‍ തന്നെ ലോക്‌സഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. രാജ്യസഭയിലും സമാന സാഹചര്യമായിരുന്നു.

ഇരു സഭകളും ആദ്യം 12 മണിവരെ നിര്‍ത്തി വച്ചു. തുടര്‍ന്ന് പ്രശ്‌ന പരിഹാരത്തിനായി രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരി കക്ഷികളുടെ പ്രത്യേക യോഗം വിളിച്ചെങ്കിലും അതു പരാജയപ്പെട്ടു. പിന്നീട് 12 മണിക്കു സമ്മേളിച്ചപ്പോഴും ബഹളം തുടരുകയും ലോക്‌സഭ രണ്ടു മണിവരെയും രാജ്യസഭ 12.30 വരെയും നിര്‍ത്തി വയ്ക്കുകയും ചെയ്തു.

അതേസമയം, പ്രധാനമന്ത്രി രാജി വയ്ക്കുന്നില്ലെങ്കില്‍ ബി.ജെ.പി എം.പിമാര്‍ ഒന്നടങ്കം ലോക്‌സഭയില്‍ നിന്നു രാജി വയ്ക്കുമെന്ന വാര്‍ത്ത ബി.ജെ.പി നിഷേധിച്ചു. ഇത് സര്‍ക്കാര്‍ തന്നെ ആശയക്കുഴപ്പം സൃഷ്ടിക്കാനായി പ്രചരിപ്പിക്കുന്ന വാര്‍ത്തയാണെന്ന് ബി.ജെ.പി നേതാക്കള്‍ കുറ്റപ്പെടുത്തി.