എഡിറ്റര്‍
എഡിറ്റര്‍
ബോഫോഴ്‌സ് പോലെ കല്‍ക്കരിയും മറക്കും: ഷിന്‍ഡെ; പ്രസ്താവന വിവാദമാകുന്നു
എഡിറ്റര്‍
Sunday 16th September 2012 1:41pm

ന്യൂദല്‍ഹി: ബോഫോഴ്‌സ് കുംഭകോണം പോലെ കല്‍ക്കരി വിവാദവും ജനങ്ങള്‍ പെട്ടെന്ന് മറക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ പ്രസ്താവന വിവാദത്തില്‍. പ്രതിപക്ഷത്തിന്റെ മൊത്തം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിച്ചിരിക്കുകയാണ് ഷിന്‍ഡെയുടെ വാക്കുകള്‍.

Ads By Google

‘മുമ്പ് ബോഫോഴ്‌സായിരുന്നു ജനങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ജനങ്ങളത് മറന്നു. ഇപ്പോള്‍ കല്‍ക്കരി. അതും ജനങ്ങള്‍ മറക്കും.’ ശനിയാഴ്ച്ച പൂനെയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ വെച്ച് ഷിന്‍ഡെ അഭിപ്രായപ്പെടുകയായിരുന്നു. ഒരിക്കല്‍ കൈകഴുകിയാല്‍ ശരിയാകാനുള്ള കാര്യങ്ങളെയുള്ളുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ അപ്പോള്‍ തന്നെ ബി.ജെ.പി. ഷിന്‍ഡെയുടെ ഈ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ചു. ഷിന്‍ഡെയുടെ പരാമര്‍ശംബോഫോഴ്‌സ് കേസിനു ശേഷം രാജീവ് ഗാന്ധി പറഞ്ഞ പരാമര്‍ശത്തിന് തുല്യമാണെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു.

‘മുമ്പ് കല്‍ക്കരി ഖനികളില്‍ നിന്ന് വജ്രം കണ്ടെത്തിയിരുന്നു. ഇന്ന് കല്‍ക്കരി തന്നെ അജ്ഞാതര്‍ കടത്തിക്കൊണ്ട് പോകുന്നു’വെന്ന വിലാസ് പാട്ടീലിന്റെ വാക്കുകളോട് പ്രതികരിക്കുന്നതിനിടയിലാണ് ഷിന്‍ഡെ വിവാദ പ്രസ്താവന നടത്തിയത്.

പരാമര്‍ശത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തര്‍ ചോദിച്ചപ്പോള്‍ ‘എന്‍.ഡി.എയുടെ കാലത്ത് നടന്ന പെട്രോള്‍ പമ്പ് അഴിമതി ഓര്‍ക്കുന്നുണ്ടോ?’ എന്ന് മറുചോദ്യമെറിയുകയായിരുന്നു ഷിന്‍ഡെ.

കല്‍ക്കരി വിവാദത്തെ തുടര്‍ന്ന് മന്‍മോഹന്‍ സിങ്ങിന്റെ രാജിക്കുവേണ്ടി ബി.ജെ.പി ഉറച്ചു നില്ക്കുന്ന സാഹചര്യത്തില്‍ ഇടക്കാല തെരെഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് തനിക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലെന്നും മുലായം സിങ് യാദവ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Advertisement