ന്യൂദല്‍ഹി: കല്‍ക്കരിഖനനം സംബന്ധിച്ച അന്വേഷണം ബി.ജെ.പിയിലേക്ക് നീളുമെന്ന് സൂചന. കല്‍ക്കരിപ്പാടം കൈമാറ്റം അന്വേഷിക്കുന്ന സി.ബി.ഐ റിപ്പോര്‍ട്ടില്‍ രണ്ട് ബി.ജെ.പി മുഖ്യമന്ത്രിമാരുടെ പേര്  പരാമര്‍ശിക്കുന്നതിനൊപ്പം ലേലം വൈകിച്ചതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് പങ്കില്ലെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ ഉണ്ടാകുമെന്നുമാണ് അറിയുന്നത്.

Ads By Google

ഝാര്‍ഘണ്ഡ് മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ട, ചത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ്ങ, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് എന്നിവര്‍ക്കെതിരെയാണ് സിബിഐ അന്വേഷണമെന്ന് അറിയുന്നു. കല്‍ക്കരിപ്പാടം കൈമാറ്റം ചെയ്തതിലെ അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്കില്ലെന്ന നിഗമനത്തിലാണ് സിബിഐ.

അതേസമയം, കല്‍ക്കരിഖനനം സംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രാജിവെക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായി ബി.ജെ.പി. അഴിമതിയുടെ ഉത്തരവാദിത്വം പ്രധാനമന്ത്രി ഏറ്റെടുത്ത് അതിനനുസരിച്ച് പ്രവര്‍ത്തിക്കുകമാത്രമാണ് പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കാനുള്ള ഏക മാര്‍ഗമെന്നാണ് പ്രതിപക്ഷ നേതാവ് അരുണ്‍ജെയ്റ്റ്‌ലി പറഞ്ഞത്. സി.എ.ജി. കണക്കാക്കിയ 1.86 ലക്ഷം കോടി രൂപയുടെ നഷ്ടത്തിന് പ്രധാനമന്ത്രി നേരിട്ട് ഉത്തരവാദിയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഒരു കാരണവശാലും പ്രധാനമന്ത്രി രാജിവെക്കില്ലെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി. ബി.ജെ.പി. അനാവശ്യമായി പാര്‍ലമെന്റ് തടസ്സപ്പെടുത്തുകയാണെന്നും ചര്‍ച്ചയ്ക്കും അന്വേഷണത്തിനും തയ്യാറാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.