ന്യൂദല്‍ഹി: കല്‍ക്കരി വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. പ്രധാനമന്ത്രിയുടെ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്.

കല്‍ക്കരി ഖനനവുമായി ബന്ധപ്പെട്ട ഇടപാടുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി വസ്തുതകളുടെ അടിസ്ഥാനത്തിലല്ല ആരോപണം ഉന്നയിക്കുന്നതെന്നും ഇടപാടില്‍ സി.എ.ജിയുടെ കണ്ടെത്തല്‍ കൃത്യമല്ലെന്നും പറഞ്ഞു. ആരോപണത്തിന് പിന്നില്‍ ബി.ജെ.പിയുടെ സ്വാര്‍ത്ഥ താത്പര്യമാണെന്നും അദ്ദേഹം ആരോപിച്ചു.

Ads By Google

അതേസമയം, പ്രധാനമന്ത്രിയുടെ പ്രസ്താവന പൂര്‍ത്തിയാക്കാന്‍ പ്രതിപക്ഷം അനുവദിച്ചില്ല. പ്രസ്താവന വായിക്കുന്നതിനെ പ്രതിപക്ഷം തടസ്സപ്പെടുത്തുകയായിരുന്നു. രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് 2 മണി വരെ സഭ നിര്‍ത്തിവെച്ചു. തുടര്‍ന്ന് സ്പീക്കറുടെ അഭ്യര്‍ത്ഥന പ്രകാരം പ്രസ്താവന ഇരു സഭകളുടേയും മേശപ്പുറത്ത് വെച്ചു.

സി.എ.ജി.യുടെ കണ്ടെത്തല്‍ പാര്‍ലമെന്റില്‍ ചോദ്യം ചെയ്യുമെന്നും തന്റെ നിലപാട് വ്യക്തമാക്കാന്‍ തന്നെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആയിരം വാക്കുകളേക്കാള്‍ ശക്തി തന്റെ നിശബ്ദതയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു.