rahul-gandhi രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിതമായ മുന്നേറ്റം മന്‍മോഹന്റെ ജൈത്രയാത്രക്ക് തടസ്സമേല്‍പ്പിക്കുമോ? അതെയെന്നാണ് സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റി (സി.എസ്.ഡി.എസ്), സി.എന്‍.എന്‍-ഐ.ബി.എന്‍, സി.എന്‍.ബി.സി.ടി.വി 18 യില്‍ നടത്തിയ സര്‍വ്വേ പറയുന്നത്.

അടുത്ത പ്രധാനമന്ത്രിയായി രാഹുല്‍ ഗാന്ധിയെ സര്‍വ്വെ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സോണിയാ ഗാന്ധിക്ക് താരതമ്യേന കുറഞ്ഞ പിന്തുണയേ ലഭിച്ചുള്ളൂ. സര്‍വ്വെയില്‍ ബി.ജെ.പി യുടെ നില പരിതാപകരമാണ്. അദ്വാനി വാജ്‌പേയിയെക്കാള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ 2009ലിനെക്കാളും പിന്തുണ മൂന്നിലൊന്നായി. നരേന്ദ്ര മോഡി സര്‍വ്വേയില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലും പ്രധാന പാര്‍ട്ടികളെല്ലാം തന്നെ സര്‍വ്വേയില്‍ മുന്നില്‍ എത്തി എന്നത് ശ്രദ്ധേയമാണ്.

19 ശതമാനം ആളുകളും അടുത്ത പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത് രാഹുല്‍ ഗന്ധിയെയാണ്. 2004 ല്‍ നടന്ന സര്‍വ്വേയില്‍ സോണിയാ ഗാന്ധിക്ക് 26 ശതമാനവും വാജ്‌പേയ്ക്ക് 38 ശതമാനവും വോട്ട് ലഭിച്ചിരുന്നു. ആ വര്‍ഷം രാഹുലിന് കേവലം ഒര് ശതമാനം വോട്ട് മാത്രമാണ് ലഭിച്ചിരുന്നത്. 2006 ലും 2009 ലും നേരിയ മുന്നേറ്റം നടത്തിയിരുന്നെങ്കിലും ഇത്തവണ എല്ലാവരെയും കടത്തിവെട്ടിയിരിക്കുകയാണ് രാഹുല്‍. ആദ്യമായാണ് രാഹുല്‍ റേറ്റിങ്ങില്‍ മുന്നിലെത്തുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ട് പേരും കോണ്‍ഗ്രസ്സില്‍ രാഹുലിന് എതിരായി മറ്റൊരു നേതാവില്ലെന്ന് പറയുന്നു.

രാഹുലിന്റെ താരപരിവേഷം അടുത്ത തവണയും പ്രധാന മന്ത്രിയാവാമെന്ന മന്‍മോഹന്റെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്ന് സര്‍വ്വേകള്‍ വ്യകതമാക്കുന്നു. 2004 മുതല്‍ 2009 വരെയുള്ള സര്‍വ്വേയില്‍ നടന്ന മന്‍മോഹന്റെ മുന്നേറ്റത്തിന് ആദ്യമായാണ് തിരിച്ചടിയേല്‍ക്കുന്നത്. ഒന്നിന് പുറകേ ഒന്നായി പുറത്ത് വരുന്ന അഴിമതികള്‍ക്ക് മുന്നില്‍ നിര്‍വ്വികാരനായി നില്‍ക്കുന്നത് അദ്ദേഹത്തിന് തിരിച്ചടിയായിരിക്കുന്നതായാണ് സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്.

അഴിമതികള്‍ അരങ്ങുതകര്‍ക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ്സിന്റെ ഭാവിക്ക് അത് വലിയ തിരിച്ചടിയുണ്ടാക്കില്ലെന്നാണ് സര്‍വ്വെ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ എതിര്‍ കക്ഷികള്‍ക്കൊന്നും റേറ്റിങ്ങില്‍ രണ്ടക്കം തികയ്ക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം സോണിയയുടെയും മന്‍മോഹന്റെയും ജനപ്രീതി കുറഞ്ഞുവരുന്നത് കോണ്‍ഗ്രസ്സിന് തിരിച്ചടിയാണ്. അടുത്ത തിരഞ്ഞെടുപ്പുകളില്‍ ഇടത് കക്ഷികള്‍ക്കും പ്രാദേശിക പാര്‍ട്ടികള്‍ക്കുമുള്ള പ്രാധാന്യത്തെയും സര്‍വ്വെ വെളിപ്പെടുത്തുന്നുണ്ട്.