ലക്‌നൗ: യു.പിയിലെ ശിശുമരണങ്ങളില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. യോഗിയുടെ ഭരണം ഉത്തര്‍പ്രദേശിനെ രോഗിയാക്കിയെന്നും ഇക്കാര്യത്തില്‍ ബി.ജെ.പി ഒന്നും ചെയ്യുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജെവാല പറഞ്ഞു.

ഉത്തര്‍പ്രദേശിനെ പ്രതിനിധീകരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇക്കാര്യത്തില്‍ നേരിട്ട് ഉത്തരവാദിത്വം ഉണ്ടെന്നും ഭരിക്കാന്‍ യോഗ്യതയില്ലാത്ത യോഗി ആദിത്യനാഥിനെ മാറ്റണമെന്നും യു.പി കോണ്‍ഗ്രസ് പ്രസിഡന്റ് രാജ്ബബ്ബാര്‍ പറഞ്ഞു.

റോഹിങ്ക്യന്‍ കൂട്ടക്കുരുതി തുടരുമ്പോഴും മ്യാന്‍മാറിനുള്ള ആയുധവിതരണം നിര്‍ത്തിവെക്കാതെ ഇസ്രായേല്‍

കുട്ടികള്‍ മരിക്കുമ്പോഴും മഥുരയില്‍ ആര്‍.എസ്.എസ് സമ്മേളനത്തില്‍ പങ്കെടുക്കുകയാണ് യോഗി ആദിത്യനാഥ്. പക്ഷെ ശിശുമരണം സംഭവിച്ച സ്ഥലത്തെത്തി ആശ്വസിപ്പിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തുന്നില്ല. ശിശുക്കള്‍ വോട്ടര്‍മാരല്ലാത്തത് കൊണ്ടാണോ നടപടി എടുക്കാത്തതെന്നും ബബ്ബാര്‍ ചോദിച്ചു.

ഫാറൂഖാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരുമാസത്തിനിടെ 49 നവജാത ശിശുക്കള്‍ മരിച്ചതായി റിപ്പോര്‍ട്ട് വന്നിരുന്നു. ഗൊരഖ്പുരിലെ ബി.ആര്‍.ഡി ആശുപത്രിയില്‍ 63 കുട്ടികള്‍ ദിവസങ്ങളുടെ ഇടവേളയില്‍ മരിച്ച സംഭവത്തിന് പിന്നാലെയാണ് വീണ്ടും കൂട്ടമരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.