ലക്‌നൗ: എം.പിയായിരുന്ന കാലത്ത് പാര്‍ലമെന്റില്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തിരിഞ്ഞുകൊത്തുന്നു. 2003നും 2014നും ഇടയില്‍ ഗോരഖ്പൂര്‍ ആശുപത്രിയിലെ ശിശുമരണവുമായും അപര്യാപ്തതകളുമായും ബന്ധപ്പെട്ട് 20 തവണയെങ്കിലും ചോദ്യമുയര്‍ത്തിയ യോഗി ആദിത്യനാഥാണ് മുഖ്യമന്ത്രിയായശേഷം ആ ആശുപത്രിയെ അവഗണിച്ചത്.

ബി.ആര്‍.ഡി മെഡിക്കല്‍ കോളജിലെ അടിസ്ഥാന സൗകര്യക്കുറവുമായും വാക്‌സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ചും ജപ്പാന്‍ജ്വരം വ്യാപിക്കുന്നത് തടയാന്‍ യു.പി സര്‍ക്കാറും കേന്ദ്രസര്‍ക്കാറും നടപടിയെടുക്കാത്തതിനെയും സംബന്ധിച്ചാണ് യോഗി ആദിത്യനാഥ് ചോദ്യമുയര്‍ത്തിയത്.


Also Read: വര്‍ഗീയതയെ വിമര്‍ശിച്ചു പ്രസംഗിച്ച സാമ്പത്തിക വിദഗ്ധനോട് ‘സ്‌റ്റേജില്‍ നിന്ന് ഇറങ്ങിപ്പോകൂ’ എന്ന് ബി.ജെ.പി മന്ത്രിമാര്‍- വീഡിയോ


യോഗി ആദിത്യനാഥ് ഈ വിഷയം ഉയര്‍ത്തിയതു കാരണം 12 തവണയെങ്കിലും പാര്‍ലമെന്റില്‍ ഇതു ചര്‍ച്ച ചെയ്യേണ്ടിയും വന്നിരുന്നു. 2003 ഏപ്രിലിലാണ് യോഗി ആദിത്യനാഥ് പാര്‍ലമെന്റില്‍ ജപ്പാന്‍ജ്വരവുമായി ബന്ധപ്പെട്ട വിഷയം ഉയര്‍ത്തുന്നത്. ഇതുസംബന്ധിച്ച് സംവാദവും നടന്നു. 2004 ഡിസംബറില്‍ അദ്ദേഹം വീണ്ടും ഈ പ്രശ്‌നം ഉന്നയിച്ചു. കിഴക്കന്‍ ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ ജപ്പാന്‍ജ്വരം വ്യാപിക്കുന്നത് ശ്രദ്ധയില്‍പ്പെടുത്തിയായിരുന്നു ഇത്.

2005 ആഗസ്റ്റില്‍ പാര്‍ലമെന്റില്‍ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് യോഗി ആദിത്യനാഥ് വീണ്ടും ഈ വിഷയം ഉയര്‍ത്തി. 2004ല്‍ ജപ്പാന്‍ ജ്വരം കാരണം സംഭവിച്ച 367 മരണങ്ങളില്‍ 228ഉം യു.പിയില്‍ മാത്രമായിരുന്നു. 2005ല്‍ ജപ്പാന്‍ജ്വരം കാരണമുണ്ടായ 1682 മരണങ്ങളില്‍ 1500 യു.പിയില്‍ ആയിരുന്നു.

പലതവണ ഈ വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്തിയ അദ്ദേഹം 2009ലെ പ്രസംഗത്തില്‍ അവകാശപ്പെടുന്നത് 13 വര്‍ഷത്തിലേറെയായി താന്‍ ഈ വിഷയം പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നു എന്നാണ്. 2014 ഡിസംബറിലാണ് ഏറ്റവും ഒടുവിലായി യോഗി ആദിത്യനാഥ് പാര്‍ലമെന്റില്‍ ഈ വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ടത്.


Must Read: ഒടുക്കം മോദി മിണ്ടി: ചെങ്കോട്ടയിലെ പ്രസംഗത്തില്‍ ഗോരഖ്പൂരിനായി ഒരുവാചകം മാറ്റിവെച്ച് പ്രധാനമന്ത്രി


ആരോഗ്യമന്ത്രി ജെ.പി നദ്ദയുടെ ശ്രദ്ധക്ഷണിച്ചുകൊണ്ടായിരുന്നു യോഗിയുടെ ഇടപെടല്‍. എന്നാല്‍ അതിനുശേഷവും ജപ്പാന്‍ ജ്വരം കാരണമുള്ള മരണങ്ങളില്‍ യു.പിയില്‍ യാതൊരു കുറവുമുണ്ടായില്ല എന്നു മാത്രമല്ല വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. 2014ല്‍ അത് 661ഉം തൊട്ടടുത്തവര്‍ഷം 521 ഉം ആണെങ്കില്‍ 2016ല്‍ അത് 694 ആയി ഉയര്‍ന്നു. ഈ വര്‍ഷം ജൂലൈ 16 വരെ 88 മരണങ്ങളുമുണ്ടായി.

ഗോരഖ്പൂരിലെ ആശുപത്രിയിലെ അസൗകര്യങ്ങളെക്കുറിച്ചും യു.പിയില്‍ ജപ്പാന്‍ജ്വരം പടരുന്നതിനെക്കുറിച്ചുമൊക്കെ യോഗി ആദിത്യനാഥിന് കൃത്യമായ ബോധ്യമുണ്ടായിരുന്നെന്നാണ് ഈ ഇടപെടലുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷവും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള യാതൊരു നീക്കവും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവാത്തതാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് വിലയിരുത്തലുകള്‍.